ചെല്ലാനം കടലാക്രമണം: താല്‍ക്കാലിക സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി

കൊച്ചി: കടലാക്രമണം രൂക്ഷമായ ചെല്ലാനം പ്രദേശം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കുകയും താല്‍ക്കാലിക...

ചെല്ലാനം കടലാക്രമണം: താല്‍ക്കാലിക സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി

കൊച്ചി: കടലാക്രമണം രൂക്ഷമായ ചെല്ലാനം പ്രദേശം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കുകയും താല്‍ക്കാലിക സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രദേശത്ത് കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ഭിത്തിയുടെ കരിങ്കല്ലുകള്‍ ഉപയോഗിച്ച് ഭിത്തിയുടെ പൊളിഞ്ഞു പോയ ഭാഗം കെട്ടിയുയര്‍ത്തി സുരക്ഷാ മതിലാക്കി. ഉപ്പത്തിക്കാട് തോടില്‍ മണ്ണിടിഞ്ഞു കൂടിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. മണ്ണും മണലും കോരി മാറ്റി തോട് വൃത്തിയാക്കിയതോടെ നീരൊഴുക്ക് സുഗമമാവുകയും വെള്ളക്കെട്ടിന് പരിഹാരമാവുകയും ചെയ്തു. മണല്‍ നിറച്ച ജിയോ ബാഗുകള്‍ നിരത്തി താല്‍ക്കാലിക സുരക്ഷാ ഭിത്തി നിര്‍മ്മിച്ചു. ജിയോ ബാഗുകള്‍ക്കു പുറകിലായി മണല്‍ കൊണ്ട് തടയണ നിര്‍മ്മിക്കുകയും തിരമാലകളില്‍ മണലൊഴുകിപ്പോകാതിരിക്കാന്‍ ഷീറ്റിട്ട് മറയ്ക്കുകയും ചെയ്തു. ഉപ്പത്തിക്കാട് തോട്ടിലേക്ക് ഓവുചാലുകള്‍ ചേരുന്ന ഭാഗത്ത് മണലടിഞ്ഞാണ് കമ്പനിപ്പടിക്കു സമീപം വെള്ളക്കെട്ടുണ്ടാകുന്നത്. ഈ ഭാഗത്തെ മണലും ചപ്പുചവറുകളും നീക്കി നീരൊഴുക്ക് സുഗമമാക്കി. കമ്പനിപ്പടിയിലെ പ്രശ്‌നബാധിത പ്രദേശത്ത് 25 ജിയോ ബാഗുകള്‍ നിരത്തി സുരക്ഷ ഉറപ്പാക്കി.

ഇതിനുപുറമേ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ചെല്ലാനം ബസാര്‍ ഏരിയയുടെ തെക്കുവശത്ത് 60 ജിയോ ബാഗുകള്‍കൂടി നിരത്തും. ഉപ്പത്തിക്കാട് തോട്ടില്‍ തിരയടിച്ചു കയറി നിക്ഷേപിക്കപ്പെടുന്ന മണലും മറ്റു മാലിന്യങ്ങളും ഇടക്കിടെ കോരി വൃത്തിയാക്കും. വിജയം കനാലും ഉപ്പത്തിക്കാട് തോടും ചേരുന്ന ഭാഗം വൃത്തിയാക്കും. കമ്പനിപ്പടിയില്‍ 90 ജിയോ ബാഗുകള്‍ കൂടി നിരത്തും.
കമ്പനിപ്പടിയില്‍ മണലുപയോഗിച്ച് തടയണ നിര്‍മ്മിക്കും. വേളാങ്കണ്ണിപ്പള്ളിക്കു വടക്കുവശത്ത് ആവശ്യമെങ്കില്‍ 200 ജിയോ ബാഗുകള്‍ നിരത്തി സുരക്ഷാ ഭിത്തി ഉയര്‍ത്തും.
ജില്ലാ കലക്ടര്‍ക്കൊപ്പം ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, കൊച്ചി തഹസില്‍ദാര്‍ ആംബ്രോസ്, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ഷാജഹാന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷുക്കൂര്‍ തുടങ്ങിയവരും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Read More >>