കുട്ടിനേതാക്കന്മാരുടെ തന്നിഷ്ട ഭരണത്തിന് അന്ത്യം ; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിയമപ്രാബല്യം വരുന്നു

ഇപ്പോള്‍ വിലക്കുള്ള സ്വാശ്രയ കോളേജുകളിലടക്കം സംഘടനാപ്രവര്‍ത്തനം സജീവമാകുമെന്ന് മാത്രമല്ല ആരുടെയും കുത്തകാവകാശമായി കോളേജും യൂണിയനും മാറില്ല

കുട്ടിനേതാക്കന്മാരുടെ തന്നിഷ്ട ഭരണത്തിന് അന്ത്യം ; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിയമപ്രാബല്യം വരുന്നു

തിരുവനന്തപുരം: കോളേജ് ഭരിക്കുന്ന കുട്ടിനേതാക്കന്മാരുടെ തന്നിഷ്ട ഭരണത്തിന് കടിഞ്ഞാണ്‍ വീഴുന്നു. ഇനി മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിയമപ്രാബല്യം വരുന്നു. വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള കരട് നിയമത്തിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ഇപ്പോള്‍ വിലക്കുള്ള സ്വാശ്രയ കോളേജുകളിലടക്കം സംഘടനാപ്രവര്‍ത്തനം സജീവമാകുമെന്ന് മാത്രമല്ല ആരുടെയും കുത്തകാവകാശമായി കോളേജും യൂണിയനും മാറില്ല. സ്വാശ്രയ കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം, യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

കൂണ് പോലെ മുളച്ചുപൊന്തുന്ന സംഘടനകള്‍ ഇനിയുണ്ടാവില്ല. ഓരോ സംഘടനും സംസ്ഥാനാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതത് സംഘടനകളുടെ നിയമാവലി നല്‍കിയാണ് രജിസ്ട്രേഷനെടുക്കേണ്ടത്. ബൈലോയില്‍ പറയുന്നപ്രകാരം സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും മറ്റും നടത്തേണ്ടിവരും. രജിസ്ട്രേഷനുള്ളവയ്ക്ക് എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കാം. ചിലയിടങ്ങളില്‍ ഏക സംഘടനയെന്ന രീതി മാറ്റാനാണിത്.

വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ അതോറിറ്റിയുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വി.സി., പ്രാഗല്ഭ്യമുള്ള പൊതുപ്രവര്‍ത്തകന്‍ എന്നിവരാകും അംഗങ്ങള്‍. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ ചേര്‍ന്നാകും ഇവരെ നിശ്ചയിക്കുക.അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരായ പരാതി അതോറിറ്റിക്കാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടത്. മാനേജ്മെന്റുമുതല്‍ കോളേജ് യൂണിയന്‍വരെ അധികാരസ്ഥാനമാണ്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, കോളേജ് കൗണ്‍സില്‍ എന്നിവയെല്ലാം അധികാരസ്ഥാനങ്ങളാണ്.

പരാതിശരിയെന്നു കണ്ടാല്‍ അതോറിറ്റിക്ക് അവ തിരുത്താന്‍ നിര്‍ദേശം നല്‍കാം. പിഴയും ഈടാക്കാം. പരമാവധി 10 ലക്ഷം രൂപവരെ പിഴയീടാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും. പരാതി വ്യാജമാണെങ്കില്‍ വിദ്യാര്‍ഥിയില്‍നിന്നു പിഴയീടാക്കും. കോളേജില്‍ അച്ചടക്കം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണ്. സ്ഥാപനത്തില്‍ പോലീസിനെ കയറ്റേണ്ട സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടണം.

വിദ്യാര്‍ഥിരാഷ്ട്രീയത്തിന് ഒട്ടേറെ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിരോധനമില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചാണ് കോളേജ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിന് ഹൈക്കോടതിയില്‍നിന്ന് ചില മാനേജ്മെന്റുകള്‍ സ്റ്റേ നേടിയിട്ടുണ്ട്.

Read More >>