ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

Published On: 2018-07-23T14:45:00+05:30
ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിരദേശിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്ന ഭക്തരെ മുന്നില്‍ കണ്ടാണിത്.

ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണം. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ഇതോടെ ശബരിമലയില്‍ നെയ് നിറച്ച നാളികേരം വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞള്‍ പൊടി, അരി, ശര്‍ക്കര, അവില്‍, മലര്‍ എന്നിവ മാത്രമെ കൊണ്ട് പോകാന്‍ പറ്റുള്ളു.

ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക് കച്ചവടം, പ്ലാസ്റ്റിക് കൊണ്ടുവരുന്നത് എന്നിവ പൂര്‍ണമായും തടയണമെന്നതും, ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതും പറയുന്ന റിപ്പോര്‍ട്ട് ശരിവച്ചാണ് ഹൈക്കോടതി നിര്‍ണായക തീരുമാനമെടുത്തത്.

ശബരിമലയില്‍ നേരത്തെ സര്‍ക്കാര്‍ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. സമ്പൂര്‍ണ നിരോധനം നിലവില്‍ വരുന്നതോടെ സന്നിധാനത്തും പമ്പയിലുമായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് വിലിയിരുത്തല്‍.


Top Stories
Share it
Top