ചെങ്ങന്നൂരിലെ പരാജയം ഏറ്റെടുത്ത് രമേശ് ചെന്നിത്തല; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു

Published On: 2 Jun 2018 7:00 AM GMT
ചെങ്ങന്നൂരിലെ പരാജയം ഏറ്റെടുത്ത് രമേശ് ചെന്നിത്തല; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരുടെ തലയില്‍ മാത്രം കെട്ടിവയ്ക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.യു സ്ഥാപകദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഇല്ലായിരുന്നുവെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചതെന്നും കെ.എസ്.യുന്റെയും യുവാക്കളുടെയും വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തമ്മിലവടി അവസാനിപ്പിക്കണമെന്ന് കെ.എസ്.യു വും ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 6,7 തീയ്യതികളില്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പുന: സംഘടന ചര്‍ച്ചയാകും. പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച. മുലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിവരാണ് നിലവില്‍ പരിഗണനയിലുള്ളത്. ജൂണ്‍ 15 നകം പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Top Stories
Share it
Top