നെൽവയൽ നീർത്തട സംരക്ഷണ ഭേദഗതിക്കെതിരെ പ്രക്ഷോഭം 

Published On: 30 Jun 2018 2:15 PM GMT
നെൽവയൽ നീർത്തട സംരക്ഷണ ഭേദഗതിക്കെതിരെ പ്രക്ഷോഭം 

നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിക്കെതിരെ എൻ.എ.പി.എമ്മിന്റെ നേതൃത്യത്തിൽ കൊച്ചിയിൽ നടന്ന യോഗം

കൊച്ചി: 2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ച സർക്കാർ നടപടിക്കെതിരെ ഇടതുപക്ഷ ജനകീയ പ്രക്ഷോഭം ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) തീരുമാനിച്ചു. എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ നടന്ന യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരും പരിസ്ഥിതി മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന പുതിയ വർഗ്ഗീകരണം, പൊതു ആവശ്യങ്ങൾക്ക് പരിവർത്തനപ്പെടുത്തുമ്പോൾ വരുത്തിയിരിക്കുന്ന ഇളവുകൾ എന്നിവ അത്യന്തം അപകടകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മറ്റു പാരിസ്ഥിതികമായ നാശവും ആവർത്തിക്കുന്ന ഈ പരിതസ്ഥിതിയിൽ ഒരിഞ്ചു നെൽവയൽപോലും നികത്തപ്പെടാൻ അനുവദിക്കാത്ത തരത്തിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കർശനമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

അതിനു പകരം ഭൂമാഫിയകൾക്കും കോർപ്പറേറ്റുകൾക്കും കേരളത്തിലെ കൃഷിഭൂമിയും തണ്ണീർ തടങ്ങളും തീറെഴുതുന്ന തരത്തിലുള്ള നിയമ ഭേദഗതികളും ലാഭം മാത്രം ലാക്കാക്കിയുള്ള വികസന അജണ്ടക ജുമാണ് നടപ്പാക്കുന്നത്. നിരീക്ഷണ സമിതികളുടെ അധികാരം ഇല്ലാതാക്കുന്നതുൾപ്പെടെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ അതി ഗുരുതരമായ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ സമീപ ഭാവിയിൽ തന്നെ കേരളം അഭിമുഖീകരിക്കേണ്ടി വരും.
പ്രസ്തുത ഭേദഗതി പിൻവലിക്കും വരെ കേരളത്തിലെ കർഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളും നിയമപരമായ ഇടപെടലുകളും NAPM സംഘടിപ്പിക്കും. ജില്ലാ കൺവെൻഷനുകളിലൂടെയും സമ്പർക്ക പരിപാടികളിലൂടെയും കർഷകരുടെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് ആഗസ്റ്റ് 12 ന് സംസ്ഥാന തലത്തിൽ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കാനും അഭിഭാഷകരുമായി സംസാരിച്ച് നിയമപരമായ ഇടപെടലുകൾ നടത്താനും യോഗം തീരുമാനിച്ചു.

NAPM പ്രവർത്തകരായ കുസുമം ജോസഫ്, മാഗ്ളിൻ ഫിലോമിന, വിളയോടി വേണുഗോപാൽ, മജീന്ദ്രൻ, ടി.കെ വാസു, ശരത് ചേലൂർ, ജോർജ്ജ് ജേക്കബ്, ജോൺ പെരുവന്താനം, വിനോദ് കോശി, ജിയോ ജോസ്, ഹാഷിം ചേന്നമ്പിള്ളി, ദേവദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Top Stories
Share it
Top