കോർപറേറ്റുകൾ വിദ്യാഭ്യാസത്തിന് ഫണ്ട് നൽകണം: ഗവര്‍ണര്‍

കൊച്ചി: കോര്‍പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പ്രധാനഭാഗം വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനായി മാറ്റി വയ്ക്കണമെന്ന് ഗവര്‍ണര്‍ പി...

കോർപറേറ്റുകൾ വിദ്യാഭ്യാസത്തിന് ഫണ്ട് നൽകണം: ഗവര്‍ണര്‍

കൊച്ചി: കോര്‍പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പ്രധാനഭാഗം വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനായി മാറ്റി വയ്ക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഇതിനായി കാമ്പയിന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ പുതുയുഗം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. കമ്പനികളും കോര്‍പറേറ്റുകളും സംസ്ഥാനത്തെ അക്കാദമിക രംഗത്ത് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാനാകും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് നല്കി മത്സരപ്പരീക്ഷകള്‍ക്കും പ്രവേശനപരീക്ഷകള്‍ക്കുമുള്ള പരിശീലനത്തിന് പോവാന്‍ കഴിയാറില്ല. അതുകൊണ്ടു തന്നെ മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷകള്‍ക്കു പുറമെ കമ്പയിന്‍ഡ് ലോ അഡ്മിഷന്‍ ടെസ്റ്റ്, എന്‍ഡിഎ, നാവല്‍ അക്കാദമി എന്നിവയുടെ പ്രവേശനപരീക്ഷകള്‍ക്കുമുള്ള പരിശീലനം സമൂഹത്തിലെ ദുര്‍ബലവിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്കാന്‍ കഴിയണം.

മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച പൊതുപരീക്ഷാ പരിശീലന പദ്ധതി (പബ്‌ളിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ സ്‌കീം) ശക്തിപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഐടി@സ്‌കൂള്‍, വിക്‌ടേഴ്‌സ് ചാനല്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളുടെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആശയവിനിമയ വൈദഗ്ദ്ധ്യത്തിനുള്ള പരിശീലനം നല്കുന്നത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ആശയവിനിമയത്തിനുള്ള പരിശീലനം സ്‌കൂള്‍ തലം മുതല്‍ നൽകണം.

അവകാശങ്ങളെ മനസ്സിലാക്കി, കൂടുതല്‍ നല്ല ജീവിതം നയിക്കാന്‍ വിദ്യാഭ്യാസം പൗരനെ സഹായിക്കും. സാമ്പത്തിക- സാമൂഹ്യമേഖലയില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന പുതുയുഗം പോലുള്ള പരിപാടികള്‍ അതുകൊണ്ടു തന്നെ പ്രശംസയര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്‌ളസ്ടുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ച പുതുയുഗം പദ്ധതിയിലുള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരം നൽകി.

ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. അക്കാദമിക - ഇന്‍ഡസ്ട്രി ബന്ധം തൊഴില്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസരംഗം ശക്തമാണ്. എങ്കിലും, മത്സരപ്രവേശനപരീക്ഷകളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ പിന്നോട്ടുപോകുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതുയുഗം പോലുള്ള പദ്ധതികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഠനമികവു പുലര്‍ത്തുന്നവരും സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പിന്നിലായവരുമായ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2016-ല്‍ ആരംഭിച്ച പുതുയുഗം പദ്ധതിയില്‍ ഈ അദ്ധ്യയന വര്‍ഷം 450 പേര്‍ക്കാണ് പരിശീലനം നല്കുകയെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കഴിഞ്ഞ അദ്ധ്യയനവര്‍ഷം 440 പേര്‍ക്കായിരുന്നു പരിശീലനം നൽകിയത്.

സബ് കലക്ടര്‍ പാട്ടീല്‍ പ്രാന്‍ജാല്‍ ലഹേന്‍സിങ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ രാധാകൃഷ്ണ മേനോന്‍, ബി.പി.സി.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, സതര്‍ലാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രൊണീത് ശര്‍മ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി എ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗവര്‍ണറുടെ പത്‌നി സരസ്വതിയും പുതുയുഗം ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
അല്‍ഫോന്‍സ് കണ്ണന്താനം അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്. സതര്‍ലാന്‍ഡ് ഗ്ലോബല്‍ സര്‍വ്വീസസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും നല്‍കും. കൂടാതെ, വ്യക്തിത്വ വികസനം, നേതാക്കളെ പരിചയപ്പെടല്‍ തുടങ്ങിയ അനുബന്ധ പരിപാടികളും നടത്തും. പെരുമ്പാവൂര്‍, ആലുവ, എറണാകുളം കേന്ദ്രങ്ങളിലായാണ് പരിശീലനം.

Story by
Read More >>