കർണാടക ​ഗവർണർ പദവി മറന്നു ആർഎസ്എസുകാരനാകുന്നു; നടക്കുന്നത് ജനാധിപത്യ കശാപ്പ്: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിജെപിയുടെ യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന...

കർണാടക ​ഗവർണർ പദവി മറന്നു ആർഎസ്എസുകാരനാകുന്നു; നടക്കുന്നത് ജനാധിപത്യ കശാപ്പ്: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിജെപിയുടെ യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കർണാടക ഗവർണർ തന്‍റെ പദവി മറന്ന് ആർഎസ്‌എസുകാരനായി പ്രവര്‍ത്തിക്കുകയാണ്. ആർഎസ്‌എസിന്റെ ശൈലിതന്നെ കശാപ്പാണ്‌. മനുഷ്യകശാപ്പിൽനിന്ന്‌ ജനാധിപത്യ കശാപ്പിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന കുതിരകച്ചവടത്തിന്‍റെ ഇടനിലക്കാരനായി ഗവർണർ അധപതിച്ചിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

നിയമസഭയിൽ ഭൂരിപക്ഷമുള്ള വിഭാഗത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ്‌ നിലവിലുള്ള കീഴ്‌വഴക്കം. അതിന്‌ വിരുദ്ധമാണ്‌ കർണാടകയിൽ ചെയ്‌തത്‌. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോൺഗ്രസ്‌ ആയിരുന്നു വലിയ ഒറ്റകക്ഷി എന്നാൽ കോൺഗ്രസിനെയല്ല. മറിച്ച്‌ ബിജെപിയെയാണ്‌ അവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ ഗവർണർമാർ ക്ഷണിച്ചത്‌. കൂടുതൽ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ്‌ അന്ന്‌ ഗവർണർമാർ പറഞ്ഞത്‌. ഇപ്പോള്‍ അത് തിരിച്ചാവുന്നുവെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

മേഘാലയയിൽ 2 സീറ്റ്‌ മാത്രമാണ്‌ ബിജെപിക്കുള്ളത്‌.എന്നിട്ടും അവരവിടെ സർക്കാരുണ്ടാക്കിയത്‌ തെരഞ്ഞെടുപ്പിന്‌ ശേഷം മറ്റ്‌ കക്ഷികളെ കൂട്ടി വലിയ മുന്നണിയുണ്ടാക്കിയാണ്‌. അങ്ങിനെയെങ്കിൽ കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും ചേർന്ന മുന്നണിക്കാണ്‌ കൂടുതൽ എംഎൽഎമാരുള്ളത്‌. ഇരുവരും ചേരുമ്പോൾ 115 എംഎൽഎമാരുണ്ട്‌. ബിജെപിക്ക്‌ 104 പേരെയുള്ളൂ. എന്നിട്ടും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ്‌ ഗവർണർ ഇതിലുടെ നൽകുന്നത്‌.

കര്‍ണാടകയില്‍ നടക്കുന്ന അത്യന്തം ജനാധിപത്യ വിരുദ്ധമായ സംഭവങ്ങള്‍ക്കെതിരെ ബഹുജനരോഷം ഉയർന്നുവരണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>