സിദ്ദിഖിനെ കൊന്നത് ആര്‍എസ്എസ്; പൊതുജനം പ്രതിഷേധിക്കണം: കോടിയേരി

Published On: 6 Aug 2018 5:30 AM GMT
സിദ്ദിഖിനെ കൊന്നത് ആര്‍എസ്എസ്; പൊതുജനം പ്രതിഷേധിക്കണം: കോടിയേരി

സിദ്ദിഖിനെ കൊന്നത് ആര്‍എസ്എസ്; പൊതുജനം പ്രതിഷേധിക്കണം: കോടിയേരി

തിരുവനന്തപുരം: കാസര്‍കോട് ഉപ്പളയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കുത്തികൊന്നവര്‍ക്കെതിരെ നാടൊന്നാകെ പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ബിജെപി ക്രിമിനല്‍ സംഘമാണ് സിദ്ദിഖിനെ കുത്തിക്കൊന്നത്. കൊലക്കത്തികൊണ്ട് പുരോഗമന ചിന്തകളെ കൊന്നുതീര്‍ക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടുപോകുന്ന വര്‍ഗീയശക്തികളെ തിരിച്ചറിയാന്‍ കേരളസമൂഹത്തിന് സാധിക്കണമെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പ് താഴെ:

കാസര്‍ഗോഡ്, ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ആര്‍ എസ് എസ് ബി ജെ പി ക്രിമിനല്‍സംഘം ഒരു യുവാവിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് കാസര്‍ഗോട്ടെ ബി ജെ പി നേതാവായ വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

മഹാരാജാസ് കോളേജില്‍ വെച്ച് ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കള്‍ അഭിമന്യു എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നതിന് പിന്നാലെ ഇതാ ഭൂരിപക്ഷ വര്‍ഗീയവാദികള്‍ സിദ്ദിഖ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നിരിക്കുന്നു. വര്‍ഗീയ ശക്തികളുടെയെല്ലാം മുഖ്യശത്രു, മതനിരപേക്ഷതയുടെ വക്താക്കളായ സിപിഐ എം നേതൃത്വത്തിലുള്ള പുരോഗമനപക്ഷമായതുകൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

കൊലക്കത്തികൊണ്ട് പുരോഗമന ചിന്തകളെ കൊന്നുതീര്‍ക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടുപോകുന്ന വര്‍ഗീയശക്തികളെ തിരിച്ചറിയാന്‍ കേരളസമൂഹത്തിന് സാധിക്കണം. ജനാധിപത്യത്തെയും മത നിരപേക്ഷതയെയും നാടിന്റെ സമാധാനത്തെയും സ്വാതന്ത്ര്യത്തെയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പുരോഗമന പക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഗീയശക്തികള്‍ക്ക് ആവുകയില്ല.

ഈ വിധ്വംസക ശക്തികളെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും സമൂഹമൊന്നാകെ മുന്നോട്ടുവരണം. നാടാകെ പ്രതിഷേധം ഉയര്‍ന്നുവരണം.

ധീരരക്തസാക്ഷി സഖാവ് അബൂബക്കര്‍ സിദ്ദീഖിന് വിപ്ലവാഭിവാദ്യങ്ങള്‍.

Top Stories
Share it
Top