കോണ്‍ഗ്രസ് ബന്ധം; കേരള ഘടകത്തിന്റെ പൊതുനിലപാടിനെ തള്ളി കണ്ണൂരില്‍ നിന്നും ഭേദഗതികള്‍

Published On: 2018-04-18T19:30:00+05:30
കോണ്‍ഗ്രസ് ബന്ധം; കേരള ഘടകത്തിന്റെ പൊതുനിലപാടിനെ തള്ളി കണ്ണൂരില്‍ നിന്നും ഭേദഗതികള്‍

ഹൈദരാബാദ്: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍ രേഖ അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. . കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാടില്ലെന്ന ഔദ്യോഗിക പ്രമേയത്തിലെ നിലപാടിനെതിരെയാണ് സീതാറാം യെച്ചൂരി തന്റെ ബദല്‍ നിലപാട് അറിയിച്ചത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ആവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടിലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഔദ്യോഗിക രേഖ അവതരിപ്പിക്കുമ്പോള്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നയവും രാഷ്ട്രീയ അടവ് നയവും കൂട്ടിക്കുഴക്കേണ്ടതില്ല. ബിജെപിയെ നേരിടാനുള്ള അടവുനയം നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. കര്‍ണാടക തെരഞ്ഞെടുപ്പിനും അത് ബാധകമാണ്. കോണ്‍ഗ്രസ് ബ്വൂര്‍ഷാ സ്വഭാവമുള്ളതും ഭൂപ്രഭുക്കന്‍മാരുടേയും പാര്‍ട്ടിയാണ് എന്നാണ് കാരാട്ട് രേഖ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്.

ഈ നിലപാടിനെതിരെയാണ് യെച്ചൂരി ബദല്‍ നിലപാട് അവതരിപ്പിച്ചത്. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കണം. എല്ലാ മതേതര ശക്തികളും ഒരുമിച്ചു നില്‍ക്കണം. ഇടതുപാര്‍ട്ടികളുടെ സഖ്യം കാലത്തിന്റെ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.

മൂന്ന് ഭേദഗതികളാണ് പ്രധാനമായും സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ചുള്ള നിലപാടിനെതിരെയുള്ള ഭേദഗതി, ഏകാധിപത്യ സര്‍ക്കാര്‍ എന്ന് മോഡി സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഫാസിസ്റ്റ് പ്രവണതയുള്ള സര്‍ക്കാര്‍ എന്നാക്കണം എന്ന് ഒരു ഭേദഗതിയിലൂടെ ആവശ്യപ്പെടുന്നു. കാര്‍ഷിക വിപ്ലവ പരിപാടി വ്യക്തമാക്കണമെന്നാണ് മറ്റൊരു ഭേദഗതി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നതാണ് കേരള ഘടകത്തിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തുണക്കണം എന്ന് ഭേദഗതികളുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top Stories
Share it
Top