മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നു

Published On: 6 Aug 2018 2:45 AM GMT
മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നു

മഞ്ചേശ്വരം: സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടികൊലപ്പെടുത്തി. ഉപ്പള സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ സിദ്ദീഖ് (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു

രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുയായിരുന്നു സിദ്ധീഖ്. ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലക്കു പിന്നില്‍ ആര്‍.എസ്.എസ്. ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു.

പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് ഡിവൈഎസ്പി എം.വി.സുകുമാരന്‍, കുമ്പള സിഐ പ്രേംസദന്‍ എന്നിവരുടെ നേത്രത്വത്തില്‍ പൊലീസ് സംഘം പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Top Stories
Share it
Top