പെരിയ കൊലപാതകം: സിപിഎം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്

വിപിപി മുസ്തഫ നടത്തിയ വിവാദ പ്രസം​ഗം ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

പെരിയ കൊലപാതകം: സിപിഎം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ സിപിഎം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിന് പിന്നിൽ മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം, പീതാംബരന്‍ തനിക്ക് അടുപ്പമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ കഴമ്പില്ല.

കേസിലെ പ്രതിയായ സജി ജോര്‍ജ് കീഴടങ്ങുന്ന സമയത്ത്, മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ ഇദ്ദേഹത്തെ സഹായിച്ചിരുന്നുവെന്ന ആരോപണം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിപിപി മുസ്തഫ നടത്തിയ വിവാദ പ്രസം​ഗം ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കേസിലെ എല്ലാ പ്രതികളെയും പിടികൂടിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം കേസിൽ പ്രതിയായ സിപിഎം പ്രവര്‍ത്തകൻ എ.സൂബീഷിനു വേണ്ടി അഡ്വ. ബി.എ. ആളൂർ കോടതിയിൽ ഹാജറായി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ ആളൂർ ഹാജരായത്.

Read More >>