കടലെടുക്കുന്ന തീരഭൂമി: കാല്‍ നൂറ്റാണ്ടിനിടെ ഒലിച്ചുപോയത് 570 ഏക്കര്‍

Published On: 2018-07-10T10:30:00+05:30
കടലെടുക്കുന്ന തീരഭൂമി: കാല്‍ നൂറ്റാണ്ടിനിടെ  ഒലിച്ചുപോയത് 570 ഏക്കര്‍

കോഴിക്കോട്: ഓരോ കൊല്ലവും കോഴിക്കോട് തീരത്തിന് 22 ഏക്കര്‍ (ഒമ്പത് ഹെക്ടര്‍) ഭൂമി നഷ്ടമാകുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തീരദേശത്തുനിന്നും 570 ഏക്കര്‍ (230 ഹെക്ടര്‍) ഭൂമിയാണ് ഇങ്ങനെ കടലെടുത്തത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി ഡബ്ല്യൂ ആര്‍ ഡി എം) നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉരുന്നത് സ്ഥിതി രൂക്ഷമാക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

തീരദേശങ്ങളില്‍ ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാനാണ് ജലവിഭവ കേന്ദ്രം പഠനം നടത്തിയത്. 1990 മുതല്‍ 2016 വരെയുള്ള ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്തും സ്ഥലം സന്ദര്‍ശിച്ചുമാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്. 72 കിലോമീറ്ററാണ് കോഴിക്കോട് കടപ്പുറത്തിന്റെ നീളം. ഈ പ്രദേശത്താണ് ഇത്രയും ഭൂമി നഷ്ടമായത്.

കേരള തീരങ്ങളില്‍ വര്‍ഷംതോറും സമുദ്രനിരപ്പ് ഏഴ് മില്ലിമീറ്റര്‍ ഉയരുകയാണ്. ഇത് തീരദേശങ്ങളിലെ മണ്ണൊലിപ്പിന്റെ തോത് വര്‍ദ്ധിക്കുന്നതിന് കരാണമാകും. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള കാരണം. തിരദേശത്തെ ഭൂഗര്‍ഭജലത്തില്‍ ഉപ്പുവെള്ളം കലരാനും ചതുപ്പുനിലങ്ങള്‍ വെള്ളത്തിനടിയിലാകുവാനും ഇത് കാരണമാകും.

ജലവിഭവ കേന്ദ്രത്തിലെ ഗവേഷകരായ ഡോ. കെ സി എച്ച് വി നാഗ കുമാര്‍, ഡോ. വി പി ദിനേശന്‍, ഡോ. ഗിരീഷ് ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Top Stories
Share it
Top