പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിൻെറ മൃതദേഹം ലഭിച്ചു

Published On: 2018-07-29T10:30:00+05:30
പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിൻെറ മൃതദേഹം ലഭിച്ചു

തിരൂര്‍: മണല്‍ കടത്തുന്നതിനിടെ പൊലീസിനെ കണ്ട് പുഴയില്‍ ചാടി ഒഴുക്കില്‍ പെട്ട ലോറി ക്ലീനറുടെ മൃതദേഹം ലഭിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ പുറത്തൂര്‍ എവിഎസ് കടവിന് സമീപം മൃതദേഹം കരക്കടിയുകയായിരുന്നു. തവനൂര്‍ അതളൂര്‍ പുളിക്കല്‍ മന്‍സൂറി (20) നെയായിരുന്നു ഇന്നലെ ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായത്.

ഇന്നലെ രാവിലെ ആറോടെയായിരുന്നു മന്‍സൂറും ലോറി ഡ്രൈവര്‍ ചമ്രവട്ടം അത്താണിപ്പടി ഉമര്‍ഷാദും (24) ചമ്രവട്ടം പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയത്. ഉമര്‍ഷാദ് നീന്തി രക്ഷപ്പെട്ടെങ്കിലും മന്‍സൂര്‍ ഒഴുക്കില്‍ പെട്ടു. ഇന്നലെ രാത്രി വരേയും പുഴയുടെ വിവധ ഭാഗങ്ങളില്‍ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.

കാവിലക്കാട് ഭാഗത്ത് നിന്ന് അനധികൃതമായി മണലേറ്റിയ ലോറിയുമായി പോകുന്നതിനിടെ പൊലീസ് കൈ കാണിച്ചതോടെയായിരുന്നു സംഭവം. ലോറി നിര്‍ത്താതെ പോവുകയും പിന്നീട് ചമ്രവട്ടം പാലത്തില്‍ ലോറി നിര്‍ത്തി ഇരുവരും പുഴയിലേക്ക് എടുത്തുചാടുകയുമായിരുന്നു.

Top Stories
Share it
Top