വീടുകള്‍ വ്യാപാരകേന്ദ്രമല്ലെന്ന് ഡോക്ടര്‍മാര്‍ നഗരസഭക്കെതിരെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള ...

വീടുകള്‍ വ്യാപാരകേന്ദ്രമല്ലെന്ന് ഡോക്ടര്‍മാര്‍ നഗരസഭക്കെതിരെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എ യും ഐ എം എ യും.

നിയമപരമായി നിലനില്‍ക്കാത്ത നടപടിക്കെതിരെ സംഘടന മുന്നോട്ടുപോകുമെന്നും നഗരസഭയുടെ തീരുമാനവുമായി സംഘടനയില്‍പ്പെട്ട ഒരു ഡോക്ടറും സഹകരിക്കില്ലെന്നും കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എല്‍ ടി സനല്‍ കുമാറും ഐ എം എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോണ്‍ പണിക്കറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടര്‍മാര്‍ വീടുകളില്‍ വൈദ്യ പരിശോധന നടത്തുന്നത്. രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാര്‍മികതയും കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ വീടുകളില്‍ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നത്. പരിചയക്കാരെയും അയല്‍ക്കാരേയും ബന്ധുക്കളേയുമൊക്കെ പ്രതിഫലേച്ഛ കൂടാതെയാണ് ഡോക്ടര്‍മാര്‍ വീടുകളില്‍ പരിശോധിക്കുന്നത്.

കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാകുന്നതിനാല്‍ പാവപ്പെട്ട പല രോഗികള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്. കേരള സര്‍ക്കാരും സ്വകാര്യ വൈദ്യ പരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ട്. 2018ലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ആക്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ കണ്‍സള്‍ട്ടേഷന്‍ സേവനമായി നിര്‍വചിച്ചിട്ടുമുണ്ട്. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീര്‍ത്തും അപക്വമായ നടപടിയാണെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

2011 ഏപ്രില്‍ 28ന് കന്‍വര്‍ജിത് സിംഗ് കാക്കറും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി ഡോക്ടര്‍മാരുടെ സേവനം വ്യാപാരമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്ക് ട്രേഡ് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും സംഘടന വ്യക്തമാക്കുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയുടെ അനാസ്ഥ കാരണം അടുത്തകാലത്തായി പലവിധത്തിലുള്ള പകര്‍ച്ച വ്യാധികളും തിരുവനന്തപുരത്ത് പടരുകയാണ്. ഇതിനിടെയിലാണ് വ്യാപാര ലൈസന്‍സ് ഫീസ് ചുമത്തി ഡോക്ടര്‍മാരുടെ വീടുകളിലെ സേവനം തടയാനുള്ള നീക്കം നടക്കുന്നത്. വീടുകളിലെ പരിശോധന തടയുന്നതിനാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് ചെലവേറിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാവും. ഇത് കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read More >>