എടപ്പാൾ പീഡനം: പ്രതിക്കെതിരെ പോസ്കോ ഒഴിവാക്കി; ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ

Published On: 2018-05-14T16:30:00+05:30
എടപ്പാൾ പീഡനം: പ്രതിക്കെതിരെ പോസ്കോ ഒഴിവാക്കി; ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ

എടപ്പാൾ: മലപ്പുറത്തെ തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച മൊയ്തീൻ കുട്ടിയെ രക്ഷിക്കാൻ പൊലീസ് നീക്കം. പ്രതിയ്ക്കെതിരെ ശിശുക്ഷേമസമിതി നിർദ്ദേശിച്ച പോക്സോ 5 (എം) വകുപ്പ് ഒഴിവാക്കി, പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തു. ഇത് കേരളം ഏറെ ഉറ്റുനോക്കുന്ന കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി പറഞ്ഞു.

ഈ വകുപ്പ് ആവശ്യമുന്നയിച്ച് ശിശുക്ഷേമ സമിതി വീണ്ടും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസിന്‍റെ തുടക്കം മുതല്‍ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന് വിമർശനമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ അടക്കം തെളിവ് കയ്യില്‍ എത്തിയിട്ടും കേസെടുക്കാനും പ്രതികളെ തിരയാനും ശ്രമിക്കാത്ത നിലപാടായിരുന്നു പൊലീസിന്‍റേത്. ഇതിന്‍റെ പേരില്‍ എസ്ഐക്ക് സസ്പെന്‍ഷനും ലഭിച്ചു. കേസില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ വീഴ്ചയും പുറത്തുവരുന്നത്.

പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രാവിലെ രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെയാണെന്ന ധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ ശ്രീരാമകൃഷ്ണനും പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് പൊലീസിന്‍റെ പരാജയമാണെന്നും സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു വലിയ നാണക്കേടുണ്ടാക്കിയെന്നും അദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസനീയമായ തെളിവുകളാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്. എന്നിട്ടും പൊലീസ് ഉടൻ നടപടിയെടുക്കാത്തത് അവിശ്വസനീയമാണ്. 50 മിനിറ്റ് വിഡിയോ ദൃശ്യം വിശ്വസനീയമായ തെളിവാണ്. കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചും സ്ഥിതിഗതിയെക്കുറിച്ചും വിശദമായി പഠിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top Stories
Share it
Top