തീയേറ്റർ പീഡനം; പൊലീസിന്റെ വാദം പൊള്ളയെന്ന് ക്രൈംബ്രാഞ്ച്

Published On: 28 Jun 2018 4:15 AM GMT
തീയേറ്റർ പീഡനം; പൊലീസിന്റെ വാദം പൊള്ളയെന്ന് ക്രൈംബ്രാഞ്ച്

എടപ്പാൾ: എടപ്പാൾ തീയേറ്റർ പീഡനത്തിൽ പൊലീസിന്റെ വാദം പൊളിയുന്നു. പീഡന സംഭവം തീയേറ്റർ ഉടമ പൊലീസിനെ അറിയിച്ചില്ലെന്ന വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം ഏപ്രിൽ 18ന് രാത്രി 9.40ന് തിയേറ്റർ ഉടമ ചങ്ങരംകുളം സ്റ്റേഷനിലെ സ്പെഷ്യൽബ്രാഞ്ച് ഉദ്യോ​ഗസ്ഥനെ വിവരമറിയിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പിറ്റേദിവസം അന്വേഷണത്തിന് എത്താമെന്ന മറുപടിയാണ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്. എന്നാൾ രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസുദ്യോ​ഗസ്ഥർ അന്വേഷണത്തിന് എത്തിയില്ല. ഇതേ തുടർന്ന് സിസിടിവി ദൃശ്യം പെൻഡ്രൈവിലേക്ക് പകർത്തുകയും സുഹൃത്തിന്റെ നിർദേശ പ്രകാരം 21ന് ചൈൽഡ്ലൈനിനെ അറിയിക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 23ന് ദൃശ്യം കൈപ്പറ്റിയ ചൈൽഡ്ലൈൻ പ്രാഥമികാന്വേഷണത്തിന് ശേഷം 26ന് പൊലീസിന് കൈമാറി. ഇതിനുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

23-ന് അവരെത്തി ഇവ കൈപ്പറ്റി. 23-ന് ചൈൽഡ്‌ലൈൻ സംഘം ഇവ ശേഖരിക്കുകയും പ്രാഥമികാന്വേഷണത്തിനുശേഷം 26-ന് പോലീസിനു കൈമാറുകയും ചെയ്തതായാണ് ഇവരുടെ കണ്ടെത്തൽ. ഇതിന് ആധികാരികമായ രേഖകളും ഇവർക്കു ലഭിച്ചിട്ടുണ്ട്. തിയേറ്റർ ഉടമയുടേതടക്കമുള്ള ടെലിഫോൺ വിളികളുടെ രേഖകളിൽനിന്നാണ് ഇതിനുള്ള തെളിവ് ലഭിച്ചത്. പ്രതി മൊയ്തീൻകുട്ടിയുമായി തിയേറ്റർ ഉടമ വിലപേശലിനു ശ്രമിച്ചെന്ന ആരോപണവും തെറ്റാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. സ്പെഷ്യൽബ്രാഞ്ച്‌ ഉദ്യോഗസ്ഥനെ ചോദ്യംചെയ്തതിൽ അദ്ദേഹവും വീഴ്ച സമ്മതിച്ചു. ക്രമസമാധാന പ്രശ്നമൊന്നുമില്ലാത്തതിനാലാണ് മേലുദ്യോഗസ്ഥരെ അറിയിക്കാത്തതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി.

അതേസമയം, തീയേറ്റർ ഉടമയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സംഭവത്തിൽ തിയേറ്റർ ഉടമയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിൽ ക്രൈംബ്രാഞ്ച് ഒരുമാസത്തിനകം കുറ്റപത്രം കോടതിയിൽ ‍സമർപ്പിക്കും.

Top Stories
Share it
Top