വിദ്യാഭ്യാസം സ്വാര്‍ത്ഥന്‍മാരെ സൃഷ്ടിക്കാനുള്ളതല്ല: കുമ്മനം രാജശേഖരന്‍

Published On: 2018-07-26T14:00:00+05:30
വിദ്യാഭ്യാസം സ്വാര്‍ത്ഥന്‍മാരെ സൃഷ്ടിക്കാനുള്ളതല്ല: കുമ്മനം രാജശേഖരന്‍

കോഴിക്കോട്: വിദ്യാഭ്യാസം സ്വാര്‍ത്ഥന്‍മാരെ സൃഷ്ടിക്കാനുള്ളതല്ലെന്നും നാടിന് പ്രയോജനം ചെയ്യുന്ന വാഗ്ദാനങ്ങളെ സൃഷ്ടിക്കാനുള്ളതാണെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ കാര്‍ഗില്‍ വിജയ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കാര്‍ഗില്‍ വിജയ് ദിവസ് പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിവ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചാണ് വിദ്യാര്‍ഥികള്‍ ചിന്തിക്കേണ്ടത്. നമ്മുടെ രാജ്യത്തിന് വേണ്ടി എന്ത് നല്‍കും എന്നതിനെ കുറിച്ച് നാം ആലോചിക്കണം. കാര്‍ഗില്‍ പോരാളികള്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടിയാണ്. കാര്‍ഗില്‍ ധീരയോദ്ധാക്കള്‍ക്ക് മരണമില്ലെന്നും ജനഹൃദയങ്ങില്‍ അവര്‍ ജീവിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കാര്‍ഗില്‍ യോദ്ധാക്കളുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി.

വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെയും നളിനാക്ഷാന്റെയും മാതാപിതാക്കളെ ആദരിച്ചു. സി ബി എസ് ഇ പൊതു പരീക്ഷകളില്‍ ഉന്നത വിജയംനേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മിസനം,സി കൃഷ്ണ,പി ഗോപിക എന്നിവര്‍ക്കുള്ള സ്വര്‍ണ്ണമെഡലും അദ്ദേഹം കൈമാറി.മാനേജിങ് കമ്മറ്റി പ്രസിഡന്റ് എം മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് സുമതി ഹരിദാസ്,പി ശങ്കരന്‍, കേണല്‍ പി എന്‍ ആയില്യത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ എ ചെന്താമരാക്ഷന്‍ സ്വാഗതവും രതീഷ് ബാബു നന്ദിയും പറഞ്ഞു.

Top Stories
Share it
Top