ചായാതെ ചെരിയാതെ എറണാകുളം

കളമശ്ശേരി, പറവൂർ, വൈപ്പിൻ, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം പാർലമെന്റ് മണ്ഡലം. 2014ലെ ഇലക്ഷൻ കമ്മിഷന്റെ കണക്ക് അനുസരിച്ച് 11,30,040 ആണ് വോട്ടർമാരുടെ എണ്ണം. വോട്ടർമാരിൽ 5,77,286 പേർ വനിതകളും 5,52,754 പേർ പുരുഷന്മാരുമാണ്. കോൺഗ്രസിലെ കെ.വി തോമസാണ് നിലവിൽ ലോക്‌സഭയിൽ എറണാകുളത്തെ പ്രതിനിധീകരിക്കുന്നത്.

ചായാതെ ചെരിയാതെ എറണാകുളം

നിഖില്‍ എസ് ബാലകൃഷ്ണന്‍

കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി മൽസരം തീപാറുമെന്ന് ഉറപ്പ്. യു.ഡി.എഫിന്റെ ഉരുക്ക്കോട്ടയായ എറണാകുളം ഇടിയാതെ നിൽക്കുവാൻ കോൺഗ്രസും യു.ഡി.എഫിന്റെ തേരോട്ടത്തിന് തടയിടുവാൻ ഇടതുപക്ഷവും രംഗത്തിറങ്ങുമ്പോൾ അതിശക്തമായ പോരാട്ടം നടക്കുന്ന ഇടമായി എറണാകുളത്തെ വിലയിരുത്താം. അട്ടിമറികൾക്ക് സാധ്യത കുറവാണെങ്കിലും കഴിഞ്ഞ തവണ വോട്ട് വിഹിതത്തിലുണ്ടായ വർദ്ധനയിവിൽ കണ്ണുവച്ചാണ് ബി.ജെ.പി എറണാകുളത്ത് അങ്കത്തിനിറങ്ങുന്നത്.

കളമശ്ശേരി, പറവൂർ, വൈപ്പിൻ, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം പാർലമെന്റ് മണ്ഡലം. 2014ലെ ഇലക്ഷൻ കമ്മിഷന്റെ കണക്ക് അനുസരിച്ച് 11,30,040 ആണ് വോട്ടർമാരുടെ എണ്ണം. വോട്ടർമാരിൽ 5,77,286 പേർ വനിതകളും 5,52,754 പേർ പുരുഷന്മാരുമാണ്. കോൺഗ്രസിലെ കെ.വി തോമസാണ് നിലവിൽ ലോക്‌സഭയിൽ എറണാകുളത്തെ പ്രതിനിധീകരിക്കുന്നത്.

യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞ് എറണാകുളം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തേരോട്ടത്തിൽ യു.ഡി.എഫ് കോട്ടകൾ പലതും ഇളകി വീണെങ്കിലും എറണാകുളം പാർലമെന്റ് മണ്ഡലത്തിന്കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങൾ ഏഴിൽ നാലും കോൺഗ്രസിനെ തുണക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ്കോർപ്പറേഷനുകളിൽ നിന്ന് കോൺഗ്രസ് തുത്തെറിയപ്പെട്ടപ്പോൾ കൊച്ചിൻ കോർപ്പറേഷനിൽ കൂടുതൽ സീറ്റ് നേടി യു.ഡി.എഫ് ശക്തി തെളിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രവും യു.ഡി.എഫിനാണ് മുതൽകൂട്ടാകുന്നത്. ഉപതെരഞ്ഞെടുപ്പുകളടക്കം 17 തവണ പാർലമെന്റ് ഇലക്ഷൻ നടന്നപ്പോൾ അഞ്ച് തവണ മാത്രമാണ് എൽ.ഡി.എഫിനൊപ്പം മണ്ഡലം നിന്നത്. കഴിഞ്ഞ തവണ കെ.വി തോമസിനെ നേരിടുവാൻ എൽ.ഡി.എഫ് രംഗത്ത്റക്കിയത് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെർണാണ്ടസിനെയായിരുന്നു. സ്ഥാനാർത്ഥിയാകുവാൻ നിരവധി കരുത്തരായ നേതാക്കളുണ്ടായിട്ടും സി.പി.എം ക്രിസ്റ്റിയെ നിയോഗിച്ചതിൽ പാർട്ടിക്കുള്ളിൽ നിന്നുപോലും അമർഷമുണ്ടായിരുന്നു. അനുഭാവികൾ പലരും തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. എന്നാൽ ലാറ്റിൻ കത്തോലിക്ക സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കെ.വി തോമസിനെ അട്ടിമറിക്കുവാൻ ക്രിസ്റ്റി ഫെർണാണ്ടസിന് കഴിയുമെന്ന് എൽ.ഡി.എഫ് നേതൃത്വം ഉറച്ചുവിശ്വസിച്ചു. ഫലം വന്നപ്പോൾ 87,047 വോട്ടു ഭൂരിപക്ഷത്തോടെ കെ.വി തോമസ് ഡൽഹിക്ക് പറന്നു.

കരുത്തരെ കളത്തിലിറക്കാൻ മുന്നണികൾ

എറണാകുളം ലോക്‌സഭാ മണ്ഡലത്തെ അഞ്ച് വട്ടമാണ് കെ.വി തോമസ് പാർലമെന്റിൽ പ്രതിനിധികരിച്ചിട്ടുള്ളത്. 1984 മുതൽ മൽസരരംഗത്തുള്ള കെ.വി തോമസ് 1996ൽ ഇടതിന്റെ സേവ്യർ അറയ്ക്കലിന് മുന്നിൽ തോൽവി സമ്മതിച്ചു. പിന്നീട് 2009ൽ മടങ്ങിയെത്തി തുടർച്ചയായ രണ്ട് വട്ടം എറണാകുളത്ത് യു.ഡി.എഫ് മേൽക്കൈ അരക്കിട്ട് ഉറപ്പിച്ചു. യു.പി.എ സർക്കാരിൽ ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായും തോമസ് തിളങ്ങി.

ഇക്കുറി യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ രംഗത്ത് വന്നിട്ടുണ്ട്. കെ.വി തോമസ് നിലവിൽ ആറുവട്ടം മൽസരിച്ചിട്ടുള്ളതിനാൽ സീറ്റ് മറ്റാർക്കെങ്കിലും നല്‍കണമെന്ന ആവശ്യവും ഉയർന്നേക്കാം. കെ.വി തോമസിനു പുറമെ നഗരസഭാ മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയി, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ എന്നിവരുടെ പേരുകളും നിലവിൽ ഉയർന്നു കേൾക്കുന്നുണ്ട്.

ആര് സ്ഥാനാര്‍ത്ഥിയായാലും തിരികെ പിടിക്കണമെങ്കിൽ ഇടതുപക്ഷത്തിന് കാര്യമായി അദ്ധ്വാനിക്കേണ്ടി വരും. കെ.വി തോമസിനെപോലൊരു നേതാവിനെ തോൽപ്പിക്കുവാൻ ചരടിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ കൊണ്ടാവില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. ജില്ലയിൽ സി.പി.എമ്മിന് കരുത്തായി നേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇക്കുറി മുൻ രാജ്യസഭാംഗം പി. രാജീവിനാണ് ഏറെ സാദ്ധ്യത കൽപ്പിക്കുന്നത്.

സാദ്ധ്യതാ പട്ടികയില്‍ വനിതകളും

എം.പിയായിരുന്ന സമയത്ത് ജില്ലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ പി. രാജീവിന് സാധിച്ചിട്ടുണ്ട്. നല്ല പാര്‍ലമെന്‍റേറിയന്‍ എന്ന് മറ്റു കക്ഷിക്കാരും തുറന്ന് പ്രശംസിച്ചിട്ടുണ്ട് രാജീവിനെ. ജനകീയനായ പാർട്ടി നേതാവെന്ന പേരും പി. രാജീവിന് മുതൽക്കൂട്ടാണ്. എറണാകുളത്തല്ല, ചാലക്കുടിയിലാണ് രാജീവിനെ നിയോ​ഗിക്കുക എന്നും പാര്‍ട്ടി വൃത്തങ്ങളില്‍ ഊഹം പ്രചരിക്കുന്നുണ്ട്. അവസാന റൗണ്ടിൽ ഇപ്പോൾ മുന്നിലുള്ളത് അന്തരിച്ച നേതാവ് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌ക്കറിന്റെ പേരാണ്. സ്ത്രീ വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ ഒരു പെൺമുഖത്തെ അവതരിപ്പിച്ച് യു.ഡി.എഫിനെ തറപറ്റിക്കാമെന്ന് പാർട്ടിക്കുള്ളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇടതുപക്ഷ അനുഭാവികളായ നടി റിമാ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു, നടൻ ശ്രീനിവാസൻ തുടങ്ങി ഒരുപിടി താരങ്ങളുടെ പേരും അഭ്യൂഹങ്ങളായി കേൾക്കുന്നുണ്ട്. സി.ഐ.ടി.യു നേതാവും മുൻ എം.പിയുമായ കെ. ചന്ദ്രൻപിള്ളയാണ് സാദ്ധ്യത കൽപ്പിക്കുന്നവരിൽ മറ്റൊരു പ്രമുഖൻ.

ശബരിമല വിഷയം ആയുധമാക്കിയാണ് ബി.ജെ.പിയുടെ വരവ്. കഴിഞ്ഞ തവണ നേരിയ തോതിൽ വോട്ട് വിഹിതം വർദ്ധിച്ചതിന്റെ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ എ.എൻ രാധാകൃഷ്ണൻ ഇക്കുറി എറണാകുളത്ത് മൽസരിക്കുവാൻ സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ജില്ലയിലാകെ സ്വാധീനം ചെലുത്തുവാൻ സാധിക്കുന്ന നേതൃത്വത്തിന്റെ കുറവ് ബി.ജെ.പിയെ വലയ്ക്കുന്നുണ്ട്. ബി.ജെ.പിയിൽ നിന്ന് മാറി എൻ.ഡി.എയുടെ ഘടകകക്ഷികളിൽ ആർക്കെങ്കിലും സീറ്റ് നൽകുവാനുള്ള സാദ്ധ്യത തള്ളിക്കകളയാനാകില്ല. അങ്ങനെയെങ്കിൽ മുൻകേന്ദ്രമന്ത്രി പി.സി തോമസിനാണ് സാദ്ധ്യതകൾ. ബി.ജെ.പി തന്നെ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുകയാണെങ്കിൽ പാർട്ടിക്കുള്ളിലെ പുതുമുഖങ്ങൾക്കാവും അവസരം. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തലസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച ക്രിക്കറ്റ് താരം ശ്രീശാന്തിനെയും ബി.ജെ.പിപരിഗണിക്കുന്നുണ്ട്.


സാധാരണക്കാരിലേക്ക് വികസനമെത്തിക്കാന്‍ സാധിച്ചു: കെ.വി.തോമസ്

സാധാരണക്കാരിലേക്ക് വികസനമെത്തിക്കുവാൻ സാധിച്ചത് നേട്ടമായി കാണുന്നു. വിദ്യാധനം ട്രസ്റ്റ് പോലുള്ള ജനകീയ പരിപാടികളിലൂടെ മണ്ഡലത്തിലെ സാധാരണക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുവാൻ സാധിച്ചു.

ട്രസ്റ്റിലൂടെ ജില്ലയിലെ വിദ്യാലയങ്ങളിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു. എം.പി ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിച്ചു. തീരദേശമേഖലകളിലെ ആളുകളുടെ പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിൽ അവതരിപ്പിക്കുവാൻ സാധിച്ചതും നേട്ടമായി കാണുന്നു. സ്‌കൂൾ വിദ്യാർത്ഥികളെ ജൈവകൃഷിയിലേക്കും

കാർഷികവൃത്തിയിലേക്കും ആകർഷിക്കുന്നതിന് പ്രൊഫ .കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് 'കർഷക മിത്രം' പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

നിർണായക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരേയുള്ള വിധിയെഴുത്താകും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്.

കെ.വി തോമസ് പൂര്‍ണ്ണ പരാജയം: ജോർജ് ഇടപ്പരുത്തി

എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണെന്ന് കരുതുന്നില്ല. കെ.വി തോമസിനെ അട്ടിമറിക്കുവാൻ പോന്ന മിടുക്കരായ നേതാക്കളുടെ നിര എൽ.ഡി.എഫിലുണ്ട്. എൽ.ഡി.എഫ് നേതൃത്വം നൽകുന്ന മേഖല ജാഥകൾ സമാപിക്കുന്ന മുറയ്ക്ക് ജില്ലയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കും. നിലവിൽ ചില പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിൽ അത് ഊഹാപോഹങ്ങൾ മാത്രമാണ്. മുന്നണി തലത്തിൽ പ്രാഥമിക ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ല.

എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ കെ.വി തോമസ് സമ്പൂർണ്ണ പരാജയമാണ്. എറണാകുളം നഗരത്തിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവർത്തനങ്ങളാണ് കെ.വി തോമസ് നടത്തിയത്. തീരദേശ മേഖലകളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നടത്തിയ വികസനങ്ങളുടെ ക്രെഡിറ്റ് സ്വന്തമാക്കുവാനാണ് എം.പിയുടെ ശ്രമം. ഇക്കാര്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിച്ചാൽ ഇക്കുറി എൽ.ഡി.എഫ് എറണാകുളം പിടിച്ചെടുക്കും. മുന്നണികളിലെ കക്ഷികൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം ജില്ലയിൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുന്നുണ്ട്.

(എൽ.ഡി.എഫ് ജില്ലാ കൺവീനർ)

Read More >>