ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതിമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനായി പ്രധാനപ്പെട്ട അഞ്ച് പദ്ധതികള്‍...

ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതിമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനായി പ്രധാനപ്പെട്ട അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയുള്ള ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നാളെ നിര്‍വ്വഹിക്കുന്നു.

ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണി അദ്ധ്യക്ഷത വഹിക്കും. ബഹു. ദേവസ്വം, സഹകരണം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ട്രാന്‍സ്ഗ്രിഡ് 2.0 ഡ്രോണ്‍ കൈമാറ്റവും ഇ-സേഫ് സുരക്ഷാവീഡിയോ പ്രകാശനവും നടത്തും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, അനെര്‍ട്ട്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ സൌരോര്‍ജ്ജത്തില്‍ നിന്നായി 1000 മെഗാവാട്ട് ഉല്‍പ്പാദനം ലക്ഷ്യമിടുന്നതാണ് “സൌര പദ്ധതി”. ഇതിന്റെ ഭാഗമായി വീടുകള്‍, സര്‍ക്കാര്‍ - സ്വകാര്യ കെട്ടിടങ്ങള്‍, സ്ക്കൂളുകള്‍, ആശ്രപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പുരപ്പുറങ്ങളില്‍, സൌരോര്‍ജ്ജനിലയം സ്ഥാപിച്ച് 500 മെഗാവാട്ടും ഭൂതല പദ്ധതിയിലൂടെ 200 മെഗാവാട്ടും സോളാര്‍ പാര്‍ക്കിലൂടെ 150 മെഗാവാട്ടും ഫ്ളോട്ടിംഗ് നിലയത്തിലൂടെ 100 മെഗാവാട്ടും കനാല്‍ടോപ്പ്-ഹൈവേ പദ്ധതികളില്‍ നിന്നായി 50 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി.

വീടുകളിലും തെരുവുകളിലും സാധാരണയായി ഉപയോഗിക്കുന്ന സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവ എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ‘ഫിലമെന്റ് രഹിതകേരളം’ പദ്ധതിയിലൂടെ ഗാര്‍ഹിക ഉപഭോക്താവിന് എല്‍. ഇ.ഡി വിളക്കുകള്‍ വിതരണം ചെയ്യുകയും അതിന്റെ വില തവണകളായി വൈദ്യുതി ബില്ലിനൊപ്പം അടയ്ക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തില്‍ എല്ലാ തെരുവുവിളക്കുകളും എല്‍.ഇ.ഡി യിലേയ്ക്ക് മാറ്റാനും പദ്ധതിയുണ്ട്. ഈ പദ്ധതിയിലൂടെ ഏഴരക്കോടി എല്‍.ഇ.ഡി ബള്‍ബുകളും മൂന്നരക്കോടി എല്‍.ഇ.ഡി ട്യൂബുകളും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതിതടസ്സങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ ശൃംഖല ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്ന 4035.57 കോടി രൂപയുടെ പദ്ധതിയാണ് ‘ദ്യുതി 2021’. ഫാള്‍ട്ട് പാസ്സേജ് ഡിറ്റക്ടര്‍, എയര്‍ ബ്രേക്ക് സ്വിച്ചുകള്‍, ലോഡ് ബ്രേക്ക് സ്വിച്ചുകള്‍, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കമ്പ്യൂട്ടര്‍ നിയന്ത്രിത വൈദ്യുത വിതരണ സംവിധാനങ്ങള്‍, ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിവിതരണ ലൈനുകള്‍, കവചിത ചാലകങ്ങള്‍, പോള്‍ടോപ്പ് ഡിസ്ട്രിബ്യൂഷന്‍ ബോക്സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വിതരണമേഖലയെ നവീകരിക്കുന്നത്.

പ്രസരണ രംഗത്ത് ഇന്നനുഭവപ്പെടുന്ന ഞെരുക്കം ഒഴിവാക്കുന്നതിനും പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് “ട്രാന്‍സ്ഗ്രിഡ് 2.0” പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്ത് തെക്ക് വടക്ക് പവര്‍ഹൈവേ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. അധികമായി ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള ഇടനാഴി ഉപയോഗപ്പെടുത്തി ലൈനുകളുടെ വോള്‍ട്ടേജ് നിലവാരം ഉയര്‍ത്തുകയും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രസരണലൈനുകളുടെ തകരാറുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് വിദൂരനിയന്ത്രിത ഡ്രോണ്‍ നിരീക്ഷണ സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു.

വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലെ പ്രവൃത്തികള്‍ സുരക്ഷിതമായി നടപ്പാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാപരിശീലനപരിപാടികളും ഉള്‍പ്പെട്ടതാണ് “ഇ – സേഫ്” പദ്ധതി. ഗുണമേന്‍മയുള്ള വൈദ്യുതി സുരക്ഷിതമായി ഉറപ്പാക്കുന്നതിന് പവര്‍ ക്വാളിറ്റി ഓഡിറ്റ് നടത്തുക, കുടുംബശ്രീ, അയല്‍ക്കൂട്ടം, റസിഡന്റസ് അസ്സോസ്സിയേഷനുകള്‍, ആശാവര്‍ക്കര്‍ എന്നിവ മുഖേന സുരക്ഷാബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയൊക്ക ഈ പദ്ധതിയിലെ ഘടകങ്ങളാണ്.

“സൌര” പദ്ധതിയില്‍ രജിസ്ട്രേഷനായുള്ള വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ശ്രീ.വി.എസ്.ശിവകുമാര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. “ദ്യുതി 2021” ന്റെ ഡിജിറ്റല്‍ മാപ്പ് പ്രകാശനവും ഡി.പി.ആര്‍ പ്രകാശനവും ബഹു.തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, നിര്‍വ്വഹിക്കും.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കാനുള്ള സാങ്കേതിക സഹായം നല്‍കിയത് സര്‍ക്കാര്‍ സംരംഭമായ International Center for Free and Open Source Software ആണ്. ICFOSS ന്റെ ഡയറക്ടര്‍ ഡോ.സി.ജയശങ്കര്‍ പ്രസാദിനും ഫാള്‍ട്ട് പാസ്സേജ് ഇന്‍ഡിക്കേറ്റര്‍ വികസിപ്പിച്ചെടുത്ത കെ.എസ്.ഇ.ബി. ജീവനക്കാരായ ശ്രീ.ശ്രീറാം.പി.വി, ശ്രീ.സുനില്‍കുമാര്‍.എ എന്നിവര്‍ക്കുമുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്യും.

ഊര്‍ജ്ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശ്രീ.ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്, ഡെപ്യൂട്ടി മേയര്‍ ശ്രീമതി.രാഖി രവികുമാര്‍, കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, അനെര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീ.വി.സി അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ.എന്‍.എസ്.പിള്ള ഐ.എ.ആന്‍ഡ്.എ.എസ്, സ്വാഗതവും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ശ്രീ.ധരേശന്‍ ഉണ്ണിത്താന്‍ നന്ദി പ്രകാശനവും നിര്‍വ്വഹിക്കും.

Read More >>