12 മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല

Published On: 2018-06-04T17:00:00+05:30
12 മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല

ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിൽ നിന്നുള്ള 12 മെഡിക്കൽ കോളേജുകളിലായി 1600 മെഡിക്കൽ സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചു. പുതുതായി പ്രവേശനാനുമതി നേടാൻ ഇടുക്കി മെഡിക്കൽ കോളേജിന് ഇത്തവണയുമായില്ല. പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളേജിനും ഈ അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല.

അടിസ്ഥാന സൗകര്യവും അധ്യാപകരും ഇല്ലാത്തിനാണ് സര്‍ക്കാര്‍-സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം അംഗീകാരിക്കുകയായിരുന്നു. 2014ൽ തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിന് ഇത്തവണയും അനുമതിയില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളായ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആന്‍റ് റിസര്‍ച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും അംഗീകാരമില്ല. നിലവിൽ പ്രവേശനം നടത്തിക്കൊണ്ടിരിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജുകളടക്കം ഒമ്പത് മെഡിക്കൽ കോളേജുകൾക്കും 2018-19 അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല.

കെ എം സി റ്റി കോഴിക്കോട്, എസ്ആര്‍ മെഡിക്കൽ കോളജ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്, കേരള മെഡിക്കൽ കോളജ് പാലക്കാട്, മൗണ്ട് സിയോൻ പത്തനംതിട്ട, അൽ അസ്ഹര്‍ തൊടുപുഴ, ഡോക്ടര്‍ സോമെര്‍വെൽ മെമ്മോറിയൽ തിരുവനന്തപുരം, ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതിനാൽ ഇത്തവണ പ്രവേശനം നടത്താനാകില്ല.

Top Stories
Share it
Top