പരിസ്ഥിതി ദിനാചരണ ക്യാമ്പയിന്‍; കോഴിക്കോട്ടെ നാല് ബീച്ചുകളില്‍ നിന്നായി ശേഖരിച്ചത് 10 ടണ്‍ മാലിന്യം

Published On: 7 July 2018 9:00 AM GMT
പരിസ്ഥിതി ദിനാചരണ ക്യാമ്പയിന്‍; കോഴിക്കോട്ടെ നാല് ബീച്ചുകളില്‍ നിന്നായി ശേഖരിച്ചത് 10 ടണ്‍ മാലിന്യം

കോഴിക്കോട്: ജൂണ്‍ അഞ്ച് ലോക പരിസിഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 30 മുതല്‍ ജൂലൈ ഏഴ് വരെ നടത്തിവന്ന ക്യാമ്പയിന്‍ സമാപിച്ചു. 'പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തടയുക' എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഇത്തവണത്തെ ദിനാചരണം.പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കോഴിക്കോട് ബീച്ചിലും മാറാട്, കപ്പയ്ക്കല്‍, ബേപ്പൂര്‍ എന്നീ ബീച്ചുകളിലുമായി നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളിലൂടെ അഞ്ച് ടണ്‍ മെറ്റല്‍ മാലിന്യവും അഞ്ചര ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു.

റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ. ദിനേശന്‍ വി പി പറഞ്ഞു. ഈ ബീച്ചുകളെ സ്ഥിരമായി ദത്തെടുപ്പിച്ച് വൃത്തിയില്‍ സൂക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, പോലീസ് സ്റ്റേഷനുകള്‍, പരിസ്ഥിതി ക്ലബ്ബുകള്‍ ബീച്ചുകള്‍ എന്നിവര്‍ ദത്തെടുക്കാന്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ജീവവായു ശ്വസിക്കുന്ന ഒരേ ജീവാണുവിനെ വഹിക്കുന്ന വിവിധ ജീവികളാണ് മനുഷ്യരടങ്ങുന്ന പ്രപഞ്ചത്തിലെ സകല ജീവുകളുമെന്നും ഈ തിരിച്ചറിവ് ഉണ്ടായാല്‍ പ്രകൃതിയെ നശിപ്പിക്കാന്‍ കഴിയില്ലെന്നും ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കവെ പ്രൊഫ. ശോഭീന്ദ്രന്‍ പറഞ്ഞു. ഡോ. പി എസ് പരികുമാര്‍, ബാബു പറമ്പത്ത് എന്നിവരും വിവിധ ബോധവല്‍കരണ ക്ലാസ്സുകള്‍ നയിച്ചു. പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാകളക്ടര്‍ യു വി ജോസ്, ഡോ. ദിനേശന്‍ വി പി, ഡോ എ ബി അനിത, കെ വി ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Top Stories
Share it
Top