ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ. എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ബന്ധുനിയമന...

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ. എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ബന്ധുനിയമന വിവാദത്തേത്തുടര്‍ന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാല്‍ ഈ കേസില്‍ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്‌.

വെള്ളിയാഴ്ച സി.പി.എം അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും. തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. അതിനിടെ ജയരാജനെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ഇടഞ്ഞു നിന്ന സി.പി.ഐയുമായും ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഇ.പി. ജയരാജന്‍ മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്നതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ മന്ത്രിസഭയില്‍ 20 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സി.പി.എം കൊണ്ടുവന്നാല്‍ സി.പി.ഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സമവായത്തിനാണ് സി.പി.ഐയുമായി ചര്‍ച്ച നടത്തുന്നത്.