ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് , മന്ത്രിസഭയില്‍ നിന്ന് പുറത്തായ ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനം....

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് , മന്ത്രിസഭയില്‍ നിന്ന് പുറത്തായ ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇ.പി ജയരാജനെ തിരികെ മന്ത്രിസഭയില്‍ എടുക്കാനും പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. എല്‍ ഡി എഫിന്റെ സംസ്ഥാന കമ്മറ്റി 13-ാം തിയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ സിപിഎമ്മിന്റെ ആവശ്യം അവതരിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു.സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായം, കായികം, യുവജനക്ഷേമം എന്നി വകുപ്പുകളായിരിക്കും ഇ പി ജയരാജന്‍ കൈകാര്യം ചെയ്യുക. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം, കിലാ എന്നീ വകുപ്പുകള്‍ കായിക മന്ത്രി എ സി മൊയ്തീനും, ഹജ്ജ് ന്യൂനപക്ഷ ക്ഷേമം, വഖവ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി കെടി ജലീലും നിര്‍വഹിക്കും.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാന്‍ നേരത്തെ ധാരണയായിരുന്നു. ജയരാജന്‍ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയില്‍ തങ്ങള്‍ക്കും ഒരു കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.

ബന്ധുനിയമന വിവാദക്കൊടുങ്കാറ്റിനൊടുവില്‍ 2016 ഒക്ടോബര്‍ 14നാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍ പുറത്താകുന്നത്. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.

താന്‍ അറിയാതെയുള്ള നിയമനങ്ങളില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍, ജയരാജനെയും ശ്രീമതിയെയും കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ വിളിച്ചു ശാസിച്ചതോടെ വിവാദം മറ്റൊരു തലത്തിലെത്തി. വകുപ്പുമാറ്റത്തില്‍ വിവാദം തണുപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും ശക്തമായ നടപടി വേണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമായി.

ഘടകകക്ഷികളായ സിപിഐയും എന്‍സിപിയും ജെഡിഎസും ജയരാജനെതിരായ നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളായ വി.മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും പരാതികള്‍ വിജിലന്‍സിനു മുന്നിലെത്തുകയും ഇതില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ രാജി അനിവാര്യമാകുകയായിരുന്നു.

എന്നാല്‍ ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26നു ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നാണു വിശദീകരണം. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണു ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്.


Story by
Read More >>