മഴക്കെടുതി: എറണാകുളം ജില്ലയില്‍ 29 ക്യാമ്പുകളിലായി 3218 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദുരിതത്തിലായ മേഖലകളില്‍ നിന്നും 3053 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി കളക്ടര്‍ മുഹമ്മദ് വൈ...

മഴക്കെടുതി: എറണാകുളം ജില്ലയില്‍ 29 ക്യാമ്പുകളിലായി 3218 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദുരിതത്തിലായ മേഖലകളില്‍ നിന്നും 3053 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വിവിധ താലൂക്കുകളിലായി 29 ക്യാമ്പുകളാണ് തുറന്നത്. 956 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അഭയം തേടി. ക്യാമ്പുകളില്‍ വൈദ്യസഹായം അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിലെത്തിയത്. 559 കുടുംബങ്ങളിലെ 2075 പേരാണ് ആറ് ക്യാമ്പുകളിലായി കഴിയുന്നത്. ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലെ ക്യാമ്പില്‍ 229 കുടുംബങ്ങളിലെ ആയിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 190 കുടുംബങ്ങളിലെ 800 പേരും കഴിയുന്നു. എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്‌സ് എല്‍.പി സ്‌കൂളില്‍ 90 കുടുംബങ്ങളിലെ 189 പേര്‍ക്ക് സൗകര്യമൊരുക്കി. പനയപ്പള്ളി ഗവ. സ്‌കൂളില്‍ ഒരു കുടുംബവും പള്ളുരുത്തിയിലെ കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ 32 കുടുംബങ്ങളിലെ 65 പേരും അഭയം തേടിയെത്തി. പുതുവൈപ്പ് ഗവ. യു.പി സ്‌കൂളിലെ ക്യാമ്പില്‍ 17 കുടുംബങ്ങളിലെ 28 പേര്‍ക്കും അധികൃതര്‍ താല്‍ക്കാലിക സൗകര്യമൊരുക്കി.

മൂവാറ്റുപുഴ താലൂക്കില്‍ 59 കുടുംബങ്ങളിലെ 168 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ടൗണ്‍ യു.പി സ്‌കൂളില്‍ 13 കുടുംബങ്ങളിലെ 30 പേരും പിറവം പാറപ്പാലില്‍ പ്രയര്‍ ഹാളില്‍ നാലു കുടുംബങ്ങളിലെ ഒന്‍പത് പേരും അഭയം തേടി. തെക്കന്‍ മാറാടിയിലെ ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേര്‍ക്ക് സൗകര്യമൊരുക്കി. കാക്കൂരിലെ സ്വകാര്യ ഫാം ഹൗസില്‍ അഞ്ചു കുടുംബങ്ങളിലെ 18 പേര്‍ക്കും താമസസൗകര്യം നല്‍കി. കാക്കൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം കുര്യന്‍മല ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ പത്തു പേര്‍ വീതവും കടാതി എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ 80 പേരും അഭയം തേടി. കോതമംഗലം താലൂക്കില്‍ 35 കുടുംബങ്ങളിലെ 131 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. തൃക്കാരിയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ 26 പേരും കോതമംഗലം ടൗണ്‍ യു.പി സ്‌കൂളില്‍ 105 പേരും കഴിയുന്നു.

കണയന്നൂര്‍ താലൂക്കില്‍ 115 കുടുംബങ്ങളിലെ 286 പേര്‍ക്ക് അധികൃതര്‍ ക്യാമ്പുകളില്‍ സൗകര്യമൊരുക്കി. ഇരുമ്പനം ഭാസ്‌കരന്‍ കമ്യൂണിറ്റി ഹാളില്‍ 76 കുടുംബങ്ങളിലെ 180 പേരും കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ 15 കുടുംബങ്ങളിലെ 38 പേരും തുതിയൂരിലെ സെന്റ് മേരീസ് യു.പി സ്‌കൂളില്‍ 35 കുടുംബങ്ങളിലെ 131 പേരും കഴിയുന്നു. ആലുവ താലൂക്കില്‍ ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് തുറന്ന ക്യാമ്പിലേക്ക് 35 കുടുംബങ്ങളിലെ 131 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

പറവൂര്‍ താലൂക്കില്‍ 153 കുടുംബങ്ങളിലെ 427 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലങ്ങാട് തിരുവാലൂര്‍ ഗവ എല്‍.പി സ്‌കൂളില്‍ 24 കുടുംബങ്ങളിലെ 40 പേരും പുത്തന്‍വേലിക്കര കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂളില്‍ 40 കുടുംബങ്ങളിലെ 120 പേരും കഴിയുന്നു. ഏലൂര്‍ ഗവ. യു.പി സ്‌കൂളില്‍ ആറ് കുടുംബങ്ങളിലെ 12 പേരെയും പാതാളം നഗരസഭാ കെട്ടിടത്തില്‍ 22 കുടുംബങ്ങളിലെ 100 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളിലെ 45 പേരും കൈതാരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 15 കുടുംബങ്ങളിലെ 30 പേരും കഴിയുന്നു. കുറ്റിക്കാട്ടുകര ഗവ. എല്‍.പി സ്‌കൂളില്‍ 11 കുടുംബങ്ങളിലെ 35 പേരെയും ഇന്ത്യന്‍ അലൂമിനിയം കമ്പനിയുടെ യൂണിയന്‍ കെട്ടിടത്തില്‍ 15 കുടുംബങ്ങളിലെ 45 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Story by
Read More >>