ഫാക്ട് പ്രതിസന്ധിയില്‍; തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നിലനില്‍പ്പ് ഭീഷണി നേരിടുന്നു. കേന്ദ സര്‍ക്കാരിന്റെ നയ വ്യതിയാനങ്ങളും കടുത്ത...

ഫാക്ട് പ്രതിസന്ധിയില്‍; തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നിലനില്‍പ്പ് ഭീഷണി നേരിടുന്നു. കേന്ദ സര്‍ക്കാരിന്റെ നയ വ്യതിയാനങ്ങളും കടുത്ത തീരുമാനങ്ങളുമാണ് രാസവള നിര്‍മാണ ശാലയായ ഫാക്ടിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഫാക്ടിന്റെ സംരക്ഷണത്തിന് വേണ്ടി ട്രേഡ് യൂണിയനുകളുടെ സംയുക്ത നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമരം നടത്താനാണ് തീരുമാനം.

രാസവളങ്ങളുടെ വില്‍പ്പന വില കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. കര്‍ഷകര്‍ക്ക് അനുവദിക്കുന്ന സബ്‌സിഡി തുക സര്‍ക്കാര്‍ യഥാസമയം കമ്പനിക്ക് നല്‍കുന്നില്ല. ഫാക്ടിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനമായ എല്‍എന്‍ജി ദേശീയ ശരാശരിയേക്കാളും ഉയര്‍ന്ന വിലയ്ക്കാണ് ലഭിക്കുന്നത്. ഇത് മൂലം വളം ഉല്‍പ്പാദനത്തിനുള്ള പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ ഭീമമായ പലിശ നല്‍കേണ്ട ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫാക്ടിന്റെ കൈവശമുള്ള 408 ഏക്കര്‍ ഭൂമി പണയത്തിലെടുത്ത് ആയിരം കോടി രൂപ വായ്പ നല്‍കിയത് കമ്പനിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയിരുന്നു.

എന്നാല്‍ 13.5 ശതമാനമാണ് പലിശ. ഭീമമായ പലിശ തിരിച്ചടമാണ് ഫാക്ടിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറും സിഐടിയു നേതാവുമായ കെ ചന്ദ്രന്‍ പിള്ള വറഞ്ഞു. 'ഭീമമായ പലിശ നല്‍കി ഫാക്ടിനെപ്പോലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള മുതലും പലിശയും എഴുതിത്തള്ളുകയോ ഇക്വിറ്റി ഷെയറാക്കി മാറ്റുകയോ വേണമെന്നാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്, ' ചന്ദ്രന്‍ പിള്ള പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണി വിലയേക്കാള്‍ താഴ്ന്ന വിലയ്ക്കാണ് ഫാക്ടിന്റെ കൈവശമുള്ള 450 ഏക്കര്‍ ഭൂമി വിറ്റഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു ചേര്‍ത്തു. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഭൂമി വില്‍പ്പനയുടെ ആദ്യ ഘട്ടമായി കൊച്ചി റിഫൈനറി ക്ക് 170 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തിക്കഴിഞ്ഞു.

450 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിട്ട് പോലുമില്ല. ഫാക്ട് വികസനത്തിന് വേണ്ടി നീക്കിവെച്ച ഭൂമി നഷ്ടമാകുകയും പാക്കേജ് ലഭിക്കാതിരിക്കുകയും ചെയ്തത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഈ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ വി തോമസ് എംപി പറഞ്ഞു.

' അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കും. രാഷ്ട്രീയത്തിനതീതമായ കേരളത്തിന്റെ പ്രശ്‌നമായി ഈ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കും' കെ വി തോമസ് പറഞ്ഞു.എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഫാക്ട് പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ പുനരുദ്ധാരണ പ പാക്കേജ് നടപ്പാക്കിയിട്ടില്ല.
ഫാക്ടിന്റെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 2 ന് പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നുണ്ട്. കൊച്ചിയിലും അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Story by
Read More >>