ഇടുക്കിയില്‍ സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ഇടുക്കി: കൊല്ലത്തെ സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ ഇടുക്കി തോപ്രാംകുടി സ്വദേശികളായ മൂന്നു പേരെ കൂടി കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു....

ഇടുക്കിയില്‍ സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ഇടുക്കി: കൊല്ലത്തെ സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ ഇടുക്കി തോപ്രാംകുടി സ്വദേശികളായ മൂന്നു പേരെ കൂടി കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ വണ്ടന്‍മേട്ടില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇടുക്കി തോപ്രാംകുടി സ്വദേശികളായ മയിലിക്കുളത്ത് അരുണ്‍ (22), വാതല്ലൂര്‍ ജോബി (27) കൊല്ലംപറമ്പില്‍ റിജോ (36) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ നിന്നായി കട്ടപ്പന പോലീസ് പിടികൂടിയത്. മൂന്ന് പേരും ഡ്രൈവര്‍മാരാണ്.

രണ്ടാഴ്ച മുന്‍പാണ് 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളുമായി മുളങ്കാടകത്ത് ഉഷസ് വീട്ടില്‍ രമാദേവി(56) മകളും സീരിയല്‍ നടിയുമായ സൂര്യ(36) ഇളയ മകള്‍ ശ്രുതി(29) എന്നിവരെ കൊല്ലത്തു നിന്നും കട്ടപ്പന സി.ഐ.വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇപ്പോഴത്തെ നടപടി.
കേസിലെ പ്രധാന പ്രതിയും തോപ്രാംകുടി സ്വദേശിയുമായ ലിയോ വഴിയാണ് ഇവര്‍ കൊല്ലത്ത് വ്യാജ നോട്ട് അടിച്ചിരുന്ന സീരിയല്‍ നടിയുടെ വീട്ടില്‍ എത്തുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ മൂവരും തൃശൂരില്‍ ഒരുമിച്ച് ടാക്‌സി വാഹനം ഓടിച്ചിരുന്നു.

കൊല്ലത്ത് ഒരു വീട്ടില്‍ ഇലക്ട്രിക്ക് വര്‍ക്കുണ്ടെന്ന് പറഞ്ഞ് ലിയോ റിജോയെയാണ് ആദ്യം സീരിയല്‍ നടിയുടെ വീട്ടില്‍ എത്തിക്കുന്നത്. ഇവിടുത്തെ വീടിന്റെ മുകള്‍ നിലയില്‍ നോട്ടടിക്കുന്നതിനുള്ള പേപ്പര്‍ കട്ടിംഗും മറ്റ് അനുബന്ധജോലികളുമാണ് റിജോ ചെയ്തിരുന്നത്. ഇതിനായി കൂടുതല്‍ ആളുകളെ വേണ്ടതായി വന്നപ്പോഴാണ് സുഹൃത്തുക്കളായ അരുണ്‍, ജോബി എന്നിവരെക്കൂടി ലിയോ വഴി ഇവിടെ എത്തിച്ചത്. 20 ദിവസം കൊല്ലം മുളങ്കാടകത്തുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ ജോലി ചെയ്ത മൂവര്‍ക്കും പതിനായിരം രൂപ വീതം നല്‍കിയിരുന്നു. കള്ളനോട്ട് കേസില്‍ അറസ്റ്റ് ഉണ്ടായതോടെ എറണാകുളത്തും, ഇടുക്കിയിലും, പാലക്കാട്ടുമായി ഡ്രൈവര്‍മാരായി ജോലി ചെയ്യുകയായിരുന്നു. റിജോയെ അണക്കരയില്‍ നിന്നും മൊബൈര്‍ ടവര്‍ ലൊക്കേറ്റ് ചെയ്താണ് പിടിച്ചത്. തുടര്‍ന്ന് അരുണിനെ തൊടുപുഴയില്‍ നിന്നും, ജോബിയെ വാഴക്കുളത്തു നിന്നുമാണ് പിടികൂടിയത്. അടിമാലിയില്‍ കെട്ടിടം പൊളിക്കാന്‍ കൊട്ടേഷന്‍ എടുത്ത കേസിലെ പ്രതികൂടിയാണ് റിജോ.

കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

ഇനി നാലുപേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും കട്ടപ്പന സി.ഐ വി.എസ് അനില്‍ കുമാര്‍ അറിയിച്ചു. അതിനിടയില്‍ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ രമാദേവിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

Read More >>