കുട്ടനാട് വായ്പ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന്...

കുട്ടനാട് വായ്പ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

കേസില്‍ ഉപാധികളോടെ പീലിയാനിക്കലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മറ്റ് കേസുകളില്‍ ഇനി ഉള്‍പെടുകയും ചെയ്യരുത് എന്നീ ഉപാധികളോടെ രാമങ്കരി ജുഡിഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫാദര്‍ പീലിയാനിക്കലിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജൂണിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസിനെ തുടര്‍ന്ന് കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് ഫാദര്‍ പീലിയാനിക്കലിനെ മാറ്റിയിരുന്നു. അതേസമയം വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്താന്‍ ആറംഗ സമിതിയെ ചങ്ങനാശേരി അതിരൂപത നിയോഗിച്ചു.

നേരത്തെ ചങ്ങനാശേരി അതിരൂപ ആസ്ഥാനത്തേക്ക് വിശ്വാസികളും കര്‍ഷകരും മാര്‍ച്ച് നടത്തിയിരുന്നു. ഫാദര്‍ പീലിയാനിക്കലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. ഇതേ തുടര്‍ന്നാണ് പീലിയാനിക്കലിനെതിരെ അന്വേഷണം നടത്താന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചത്. അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീലിയാനിക്കലിനെതിരെ തുടര്‍ നടപടിയുണ്ടാകുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.

Read More >>