കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി: കെ.എം മാണിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി

Published On: 10 July 2018 11:45 AM GMT
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി: കെ.എം മാണിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി

മലപ്പുറം: കെ.എസ്.എഫ്.ഇ ആരംഭിക്കാനിരിക്കുന്ന പ്രവാസി ചിട്ടിയെ കുറിച്ച് മുന്‍ ധനമന്ത്രി കെ.എം മാണി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിന് കോട്ടക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

പൂര്‍ണമായും കേന്ദ്ര ചിട്ടി നിമയത്തിലെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് പ്രവാസി ചിട്ടി ആരംഭിക്കുന്നത്. പ്രവാസിയായ ഇന്ത്യക്കാരില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാം. പ്രവാസികള്‍ക്ക് ബാങ്കിങ് ചാനലുകള്‍ വഴി പണമടക്കാനും സാധിക്കും. ഇതിനെല്ലാം റിസര്‍വ് ബാങ്ക് വിദേശ ണ വിനിമയ ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തിയത് കെ.എം മാണി ധനമന്ത്രിയായിരിക്കുമ്പോഴാണ്. കേരളത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ചിട്ടിയുടെ അതേ മാതൃകയിലാണ് പ്രവാസി ചിട്ടികളും ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രവാസി ചിട്ടി ഓണ്‍ലൈനായി ചെയ്യുന്നുവെന്നതാണ് പ്രധാന വ്യത്യാസം.

മറ്റ് ചില ആനുകൂല്യങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. ചിട്ടി നിയമ പ്രകാരം ചിട്ടിപ്പണം അംഗീകൃത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ അത് സംബന്ധിച്ച ആരോപണങ്ങളും വാസ്തവ വിരുദ്ധമാണ്. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച് വിവാദം സൃഷ്ടിക്കാതെ തുറന്ന ചര്‍ച്ചക്ക് തയാറാവുകയാണ് വേണ്ടെന്നും മാണിക്ക് ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ കെ.എസ്.എഫ്.ഇ നേരില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ തയാറാണെന്നും ധനമന്ത്രി വ്യക്തമാക്കി.

Top Stories
Share it
Top