കണ്ണൂരില്‍ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; ആളപായം ഇല്ല

Published On: 2018-06-21T13:30:00+05:30
കണ്ണൂരില്‍ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; ആളപായം ഇല്ല

കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഫോര്‍ട്ട് റോഡിലെ സാധുബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്വേറീയസ് ഫാസ്റ്റ് ഫുഡ് വെജിറ്റേറിയന്‍ ഹോട്ടലിലാണ് സംഭവം. ഇന്ന് കാലത്ത് 12 ഓടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ അടുക്കളയില്‍ നിന്ന് ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് അഗ്നിബാധ. മുറികളാകെ പുക നിറഞ്ഞതോടെ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും പുറത്തേക്കോടിയത് വലിയ ദുരന്തങ്ങള്‍ ഒഴിവാക്കി.

വിവരമറിഞ്ഞെത്തിയ ഫയര്‍സര്‍വീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കാച്ചിയ പപ്പടത്തില്‍ നിന്നാണ് എണ്ണയുടെ ഭാഗത്ത് തീ പടര്‍ന്ന് പെട്ടെന്ന് ആളികത്തലുണ്ടായതെന്ന് കരുതുന്നതായി ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2 യൂനിറ്റ് ഫയര്‍എഞ്ചിനെത്തി വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രത്യേക സംവിധാനമുപയോഗിച്ച് പുക നിറഞ്ഞ മുറിക്കകത്ത് കയറിയ ഇവര്‍ തീ പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പുറത്തേക്കിറങ്ങിയത്. മാനം മുട്ടെ പുക ഉയരുന്നതുകണ്ട് കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ തടിച്ചുകൂടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം സ്തംഭിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യേണ്ടി വന്നു.

Top Stories
Share it
Top