ഫ്ലാറ്റിൽ തീപ്പിടുത്തം; സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

Published On: 2018-07-03T14:45:00+05:30
ഫ്ലാറ്റിൽ തീപ്പിടുത്തം; സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

കൊച്ചി: ആലുവ ചെങ്ങമനാട് ഫ്ലാറ്റിൽ തീപ്പിടിത്തം. തീപ്പിടുത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മക്കും കുട്ടിക്കും പരിക്കേറ്റു. ജെറ്റ് എയർവേയ്സ് ജീവനക്കാരി ജാക്വിലിൻ മേരി കുര്യൻ (28), മകൾ കാതറിൻ (3) എന്നിവർക്കാണ് പരിക്കേറ്റത്. ചെങ്ങമനാട് പഞ്ചായത്തിൽ സ്വർഗ്ഗം റോഡിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ രാവിലെ 8 മണിയോടെയാണ് തീ പിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ വീട്ടമ്മയെയും കുട്ടിയേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കനത്ത പുക ഉയർന്നതിനെ തുടർന്ന് മറ്റ് ഫ്ലാറ്റുകളിലുള്ളവരും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകളിലെ ഫ്ലാറ്റുകളിലേക്ക് പുക പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞെത്തിയ ആലുവ അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പ് രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചു.

തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ജനൽചില്ലുകൾ പൊട്ടിവീണു. ഫ്ലാറ്റിലെ ഒട്ടുമിക്കവാറും സാധനങ്ങളും ഉപയോഗശൂന്യമായി. ഫ്ലോർ ടൈലുകൾ പലതും ഇളകിപ്പോയി. ആലുവ അങ്കമാലി, ഏലൂർ നിലയങ്ങളിൽ നിന്ന് 5 ഫയർ എഞ്ചിനുകൾ എത്തി തീയണച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് തീയണച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

Top Stories
Share it
Top