കേരളത്തില്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച ആദ്യവ്യക്തി വിടവാങ്ങി

Published On: 2018-05-12T14:30:00+05:30
കേരളത്തില്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച ആദ്യവ്യക്തി വിടവാങ്ങി

കേരളത്തില്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച ആദ്യവ്യക്തി മിഖായേല്‍ ശവരിമുത്തു വിടവാങ്ങി. പാളയം സ്വദേശി ശവരിമുത്തുവിന് മരിക്കുമ്പോള്‍ വയസ്സ് 98 കഴിഞ്ഞിരുന്നു.

1920ല്‍ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ശവരിമുത്തു പിറന്നത്. കുണ്ടമണ്‍കടവ് തെക്കേ മൂലത്തോര്‍പ്പ് വീട്ടില്‍ മിഖായേലിന്റെയും ഭാര്യ മേരിയുടെയും നാലാമത്തെ പ്രസവത്തിലാണ് ശവരിമുത്തുവിന്റെ ജനനം. മേരിയുടെ ആദ്യത്തെ മൂന്നു പ്രസവങ്ങളിലും ചാപിള്ളകളാണ് പുറത്തുവന്നത്. തുടര്‍ന്ന് നാലാമതും മേരി ഗര്‍ഭം ധരിച്ചപ്പോള്‍ കുട്ടിയോ അമ്മയോ ആരെങ്കിലുമൊന്ന് പ്രസവത്തില്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തു പറഞ്ഞു.

ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഇംഗ്ലണ്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി എത്തിയ ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസ് ശസ്ത്രക്രിയ എന്ന ആശയം മുമ്പോട്ടു വയ്ക്കുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും കേടില്ലാതെ വയര്‍ കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ സംവിധാനമുണ്ടെന്ന് മേരി പുന്നന്‍ ലൂക്കോസ് മേരിയുടെ ഭര്‍ത്താവിനെ അറിയിച്ചു. ശസ്ത്രക്രിയയില്‍ പരിശീലനം ലഭിച്ച മേരി ലൂക്കോസ് പുന്നന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് മിഖായേല്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു.

ശസ്ത്രക്രിയ വിജയകരമായതോടെ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. പിന്നീട് നാട്ടില്‍ താരമായി വളര്‍ന്ന ശവരിമുത്തു അത്ഭുതശിശുവെന്നായിരുന്നു അറിയപ്പെട്ടത്. മൂന്നുവര്‍ഷത്തിനു ശേഷം ഒരനുജന്‍ കൂടി ശവരിമുത്തുവിനുണ്ടായി. അതും സിസേറിയന്‍. ദീര്‍ഘനാള്‍ പട്ടാളത്തിലായിരുന്നു ശവരിമുത്തു. പിന്നീട് ഗവ. പ്രസ്സില്‍ ജീവനക്കാരനായി വിരമിച്ചു. ഭാര്യ: കെ.റോസമ്മ, മക്കള്‍: എസ് അലക്‌സാണ്ടര്‍, എസ് ലീല, എസ് ിലോമിന.

Top Stories
Share it
Top