വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

Published On: 1 July 2018 2:30 PM GMT
വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ കേസിലെ പ്രതിയെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൂയംകുട്ടി സ്വദേശി കുളത്തിനാൽ ഷിജു മാത്യു (48) വാണ് അറസ്റ്റിലായത്. രണ്ട് കോടിയിലധികം രൂപ പലരിൽ നിന്നായ് തട്ടിയെടുത്തതായാണ് കേസ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ കബളിക്കപ്പെട്ടിട്ടുണ്ടെന്നും വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി കേസ് നിലവിലുണ്ടെന്നും പൊലിസ്‍ പറഞ്ഞു.

ഹരിപ്പാട് കോടതി ശിക്ഷ വിധിച്ചെങ്കിലും ഒളിവിൽ തുടരുകയായിരുന്നു. എറണാകുളത്തെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പോലീസ് എത്തും മുൻപ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ രാത്രി കുട്ടംമ്പുഴ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

Top Stories
Share it
Top