കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം വാട്‌സാപ്പില്‍ ആര്‍ഷ പോസ്റ്റ് ചെയ്തതായി അധ്യാപകര്‍

Published On: 2 Aug 2018 10:00 AM GMT
കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം വാട്‌സാപ്പില്‍ ആര്‍ഷ പോസ്റ്റ് ചെയ്തതായി അധ്യാപകര്‍

തൊടുപുഴ: വണ്ണപ്പുറത്ത് കൊല ചെയ്യപ്പെട്ട കുടുംബത്തിലെ അംഗമായ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ കഴുത്തറുത്തു കൊല്ലുന്ന ദൃശ്യം പോസ്റ്റ് ചെയ്തതായി അധ്യാപകർ. മേലിൽ ആവർത്തിക്കരുതെന്ന് തങ്ങൾ ആർഷ യ്ക്ക് താക്കീത് നൽകിയെന്ന് അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു. തൊടുപുഴ ​ഗവ. ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ.

കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 10.53നു മുമ്പ് വരെ ആർഷ വാട്ട്സ്ആപ്പ് ഉപയോ​ഗിച്ചിരുന്നു. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു.

അതേസമയം, കമ്പകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു. പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല അടുപ്പമാണു കൃഷ്ണന് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Top Stories
Share it
Top