പൊലീസിലെ ദാസ്യപ്പണി: ഐപിഎസ് അസോസിയേഷനില്‍ വിഭാഗീയത ശക്തമാകുന്നു 

തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഗ്രൂപ്പുകളി വിവാദം കൊഴുക്കുന്നതിനിടെ ജൂലൈ അഞ്ചിന് അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

പൊലീസിലെ ദാസ്യപ്പണി: ഐപിഎസ് അസോസിയേഷനില്‍ വിഭാഗീയത ശക്തമാകുന്നു 

തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഗ്രൂപ്പുകളി വിവാദം കൊഴുക്കുന്നതിനിടെ ജൂലൈ അഞ്ചിന് അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഐപിഎസുകാരുടെ കയ്യൊപ്പിനായി ഒരോ ജില്ലാകേന്ദ്രത്തിലേക്കു വിട്ടു. കഴിഞ്ഞ ദിവസം കത്തുകള്‍ തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഓഫിസുകളില്‍ എത്തിയിരുന്നു. കുറച്ചുപേര്‍ ഒപ്പിട്ടതല്ലാതെ ഏറെ പേരും നിലപാടെടുത്തില്ല. ആലോചിച്ചു തീരുമാനിക്കാമെന്ന മറുപടിയോടെ അവര്‍ കത്തു മടക്കിനല്‍കി.

പൊലീസ് ആസ്ഥാനത്തു തന്നെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സമാന്തര യോഗം ഒരുക്കിയ എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഓഫിസില്‍ നിന്നാണു ഒപ്പിടാന്‍ കത്തു കൊടുത്തുവിട്ടത്. ആദ്യ ഒപ്പും തച്ചങ്കരിയുടേതായിരുന്നു. എല്ലാ ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഒപ്പിടാന്‍ പാകത്തില്‍ താഴെ അച്ചടിച്ചാണ് കത്തു വിട്ടത്. ഏതാനും യുവ ഐപിഎസ് ഉദ്യോഗസ്ഥരും പൊലീസ് ആസ്ഥാനത്തെ ചിലരും യോഗം വേണമെന്ന ആവശ്യം അംഗീകരിച്ച് കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. സംഘടന റജിസ്റ്റര്‍ ചെയ്യണം, നിയമാവലി അംഗീകരിക്കണം എന്നിവയാണ് അടിയന്തര യോഗത്തിനു കാരണമായി ഉന്നയിക്കുന്നത്.

എന്നാല്‍, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവയ്ക്കാന്‍ ഉദ്ദേശമില്ലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പി പ്രകാശ് വ്യക്തമാക്കി. അത്തരം ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. അതെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളാണ്. അതേക്കുറിച്ചൊന്നും അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല. സെക്രട്ടറിയായിരുന്ന ഐജി മനോജ് ഏബ്രഹാം രാജിവച്ചപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണു പ്രകാശിനെ പകരം സെക്രട്ടറിയായി നിയോഗിച്ചത്. തനിക്ക് ഒരു സ്ഥാനവുമില്ലെന്നും സ്ഥാനം ഉണ്ടെങ്കില്‍ അല്ലേ ഒഴിയേണ്ടതുള്ളൂവെന്നും ഡിജിപി എ ഹേമചന്ദ്രനും പ്രതികരിച്ചു. അസോസിയേഷനു സ്ഥിരം പ്രസിഡന്റില്ല. യോഗത്തില്‍ എത്തുന്നവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അധ്യക്ഷനാകുന്നതാണു കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രത്യേക കാരണമില്ലാതെ അസോസിയേഷന്‍ യോഗം എന്ന പേരില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു തലസ്ഥാനത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ല വിടണമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി വേണം. സാധാരണ ഔദ്യോഗിക യോഗദിവസമാണ് അസോസിയേഷന്‍ യോഗവും വിളിക്കുന്നത്. ജൂലൈ അഞ്ചിന് ഒരു യോഗവും വിളിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്നു ബെഹ്‌റ ഉറപ്പുനല്‍കിയെന്ന പ്രചാരണം ശരിയല്ലെന്നും ഇവര്‍ പറയുന്നു. സേനയിലെ ദാസ്യപ്പണി വിവാദത്തില്‍ അസോസിയേഷന്‍ പ്രതിരോധവുമായി രംഗത്ത് എത്തിയില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം വിമതയോഗം ചേര്‍ന്നതും അസോസിയേഷന്‍ യോഗം വിളിക്കണമെന്ന ആവശ്യമുയര്‍ത്തിയതും.

Read More >>