അടുത്ത അദ്ധ്യായനം ഇനി കൈത്തറിയില്‍: നാലര ലക്ഷം വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണത്തിന് തയ്യാറായി

തിരുവനന്തപുരം: അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട കൈത്തറി യൂണിഫോമുകളുടെ തുണി...

അടുത്ത അദ്ധ്യായനം ഇനി കൈത്തറിയില്‍: നാലര ലക്ഷം വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണത്തിന് തയ്യാറായി

തിരുവനന്തപുരം: അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട കൈത്തറി യൂണിഫോമുകളുടെ തുണി വിതരണത്തിനു തയ്യാറായി. കേരളത്തിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 3701 സ്‌കൂളുകളിലേക്കായി 23 ലക്ഷത്തോളം മീറ്റര്‍ തുണിയാണ് ഇത്തവണ ആവശ്യമായി വരുന്നത്.

കേരളത്തിലെ നാലായിരത്തോളം കൈത്തറി നെയ്ത്തുകാര്‍ക്കും അതിന്റെ ഇരട്ടിയോളം അനുബന്ധ തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ മുന്നൂറു ദിവസത്തോളം ജോലി നല്‍കുവാന്‍ ഈ പദ്ധതി വഴി സാധിച്ചു. ദിവസേന നാമമാത്രമായി ലഭിച്ചിരുന്ന ഇവരുടെ കൂലി 400 മുതല്‍ 600 രൂപ വരെയായി ഉയര്‍ത്താനും ഈ പദ്ധതി വഴി കഴിഞ്ഞു. 40 കോടിയോളം രൂപയാണ് കൂലിയിനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തികച്ചും അവഗണിക്കപ്പെട്ട കൈത്തറി മേഖലയെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനും നൂലും കൂലിയും സര്‍ക്കാര്‍ നേരിട്ട് നല്‍കികൊണ്ട് കൈത്തറി തൊഴിലാളികളുടെ സ്വപ്ന സാഫല്യമാകുകയാണ് ഈ പദ്ധതി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ സ്‌കൂളുകളില്‍ ഹാന്‍ടെക്സും, തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഹാന്‍വീവുമാണ് തുണി വിതരണം നടത്തുന്നത്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതിന്റേയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി യൂണിഫോം തുണികളുടെ വിതരണം മെയ് 2 മുതല്‍ നടക്കും.

തുണി വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തിരുവനന്തപുരം ഹാന്‍ടെക്സ് എംപോറിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചു വിലയിരുത്തി.
തനതു പാരമ്പര്യത്തിലൂന്നി നിര്‍മ്മിച്ച കൈത്തറി യൂണിഫോ ധരിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ ദേശീയ ബോധത്തെകൂടി തൊട്ടുണര്‍ത്താന്‍ കഴിയുന്നതാണെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഹാന്റ്ക്സ് എം.ഡി എ. അനില്‍കുമാര്‍, പ്രസിഡന്റ് പെരിങ്ങമല വിജയന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Story by
Read More >>