യുവാവിനും അമ്മയ്ക്കും നേരെ കയ്യേറ്റം: ഗണേഷ്കുമാർ ഒത്തുതീർപ്പിന്, ഇടപെട്ട് പിള്ളയും എൻഎസ്എസും

കൊല്ലം: കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി. ​​ഗണേഷ് കുമാർ എംഎൽഎ ഒത്തുതീർപ്പിന്...

യുവാവിനും അമ്മയ്ക്കും നേരെ കയ്യേറ്റം: ഗണേഷ്കുമാർ ഒത്തുതീർപ്പിന്, ഇടപെട്ട് പിള്ളയും എൻഎസ്എസും

കൊല്ലം: കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി. ​​ഗണേഷ് കുമാർ എംഎൽഎ ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് സൂചന. ​ഗണേഷിന്റെ പിതാവ് ബാലകൃഷ്ണയാണ് ഒത്തുതീ‍ർപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ആര്‍. ബാലകൃഷ്ണപിള്ള എൻഎസ്എസ് നേതാക്കള്‍ വഴിയാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബന്ധുക്കളുമായി എന്‍എസ്എസ് നേതൃത്വം ചര്‍ച്ചനടത്തിയതായി പരാതിക്കാരനായ അനന്തകൃഷ്ണന്റെ അച്ഛന്‍ തന്നെ സ്ഥിരീകരിച്ചു. അതേ സമയം ചര്‍ച്ച വിജയിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി.

അനന്തകൃഷ്ണന്റെ അമ്മ ഗണേഷ്‌കുമാറിനെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ അറസ്റ്റുള്‍പ്പെടെ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാന്‍ ബാലകൃഷ്ണ പിള്ളയും രംഗത്തെത്തിയത്. ചര്‍ച്ച നടക്കുന്നതിനാലാണ് അനന്തകൃഷ്ണനും അമ്മയും പരസ്യപ്രസ്താവന നടത്താത്തതെന്നും അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി. കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയതിനാല്‍ പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കിയാല്‍ കോടതിയുടെ ഇക്കാര്യത്തിലുള്ള സമീപനമാകും ഗണേഷിന് നിര്‍ണായകമാകുക.

ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നാണ് അനന്തകൃഷ്ണൻ്റെ കുടുംബത്തിന്റെ ഭാ​ഗത്തു നിന്നുള്ള ഡിമാന്റ്.

ജൂൺ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകൻ അനന്തകൃഷ്ണനും എംഎൽഎയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡിൽ, ഗണേഷ്കുമാറിന്റെ കാറിന് എതിർദിശയിൽ കാറിൽ വന്ന അനന്തകൃഷ്ണൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഗണേഷ്കുമാർ അനന്തകൃഷ്ണനെ മർദിക്കുകയും തടസ്സം പിടിക്കാൻചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തെന്നാണു പരാതി.

എന്നാൽ ഗണേഷിനെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയത്. മർദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗണേഷ്കുമാർ റോഡിൽവച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നു പരാതിപ്പെട്ട ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നാണു സൂചന.

Read More >>