ഗവാസ്കറിന്റെ ചികിത്സ; മെഡിക്കൽ ബോർഡ് ചേർന്നു

Published On: 2018-06-20T19:15:00+05:30
ഗവാസ്കറിന്റെ ചികിത്സ; മെഡിക്കൽ ബോർഡ് ചേർന്നു

തിരുവനന്തപുരം: പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഡ്രൈവർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോ സർജറി, ജനറൽ സർജറി, ഇഎൻടി, ഒഫ്ത്താൽമോളജി, ഓർത്തോപീഡിക് ഡോക്ടർമാർ പങ്കെടുത്തു.

ഗവാസ്കറിന്റെ കാഴ്ചക്കുള്ള ബുദ്ധിമുട്ടിനു പ്രാഥമിക പരിശോധനയിൽ കാര്യമായ തകരാറ് കണ്ടുപിടിക്കാനായില്ല. അതിനാൽ കണ്ണിന്റെ സൂക്ഷ്മപരിശോധനക്കായി നാളെ കണ്ണാശുപത്രിയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. തലയുടെ സിടി സ്കാൻ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ തുടർചികിത്സകൾ തീരുമാനിക്കുമെന്നു സൂപ്രണ്ട് അറിയിച്ചു.

തനിക്കെതിരായ പരാതി വ്യാജമാണെന്ന് കാണിച്ച് ​ഗവസ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌ക്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി നല്‍കിയതിന് പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്നും ഗവാസ്‌ക്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ പറഞ്ഞു.

കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. സുധേഷ് കുമാറിന്‍റെ മകള്‍ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെയും കേസുകൊടുത്തത്. ഇതിന് പിന്നാലെ ഗവാസ്‌ക്കറിനെതിരെ അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

സുധേഷ് കുമാറിന്‍റെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. ഗവാസ്‌ക്കറുടെ പരാതി ശരിവെക്കുന്നതായിരുന്നു മെഡിക്കല്‍ പരിശോധ ഫലവും. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്ന് പരിശോധനയിലും വ്യക്തമായിരുന്നു.

Top Stories
Share it
Top