മര്‍ദ്ദനം സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാം ഗവാസ്‌കര്‍

Published On: 2018-06-26T10:00:00+05:30
മര്‍ദ്ദനം സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാം ഗവാസ്‌കര്‍

തിരുവനന്തപുരം: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് സമ്മതിച്ചാൽ നിയമനടപടികൾ അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്ന് എ.ഡി.ജി.പി. സുദേഷ് കുമാറിന്‍റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്കർ പറഞ്ഞു.

സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്. തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ലെന്നും എത്ര വലിയ സമ്മർദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്കർ വ്യക്തമാക്കി.

മകൾ ആക്രമിച്ചത് എ.ഡി.ജി.പിയുടെ അറിവോടെയാണെന്ന്‌ സംശയക്കുന്നതായും ​ഗവാസ്ക്കർ പറഞ്ഞു. സംഭവം നടന്നതിന്‍റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചതാകാം അനിഷ്ടത്തിന്‌ കാരണം. കൂടാതെ ഡ്രൈവർ ചുമതലയിൽ നിന്ന് മാറ്റിത്തരണമെന്നും അഭ്യർഥിച്ചു. മകളെ കായിക പരിശീലനത്തിന്‌ കൊണ്ടു പോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദേശിച്ചുവെന്ന് ​ഗവാസ്ക്കർ പറഞ്ഞു.
പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ഗവാസ്കർ പേരൂർക്കട സായുധക്യാമ്പ് വളപ്പിലെ പോലീസ് ക്വാർട്ടേഴ്സിലാണ് ​ഗവാസ്ക്കറിപ്പോൾ.

Top Stories
Share it
Top