ഗോപിനാഥ പിളളയുടെ മരണം: ദൂരൂഹത അകറ്റാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക സംഘം...

ഗോപിനാഥ പിളളയുടെ മരണം: ദൂരൂഹത അകറ്റാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലേക്ക് പോകുംവഴി ഗോപിനാഥപിള്ള അപകടത്തില്‍ മരിക്കുകയായിരുന്നു. എന്നാല്‍, വ്യാജഏറ്റമുട്ടല്‍ കേസിലെ മുഖ്യ സാക്ഷി കൂടിയായ പിള്ളയുടെ മരണത്തില്‍ ദുരൂഹതയുളളതായി വിവിധ കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം ആരംഭിച്ചത്.

ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിര്‍ ദിശയില്‍ എത്തിയ മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിനാഥപിള്ളയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകട ശേഷം നിര്‍ത്താതെ പോയ ലോറി ചാലക്കുടിയില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട ശേഷം വാഹനങ്ങള്‍ നിര്‍ത്താതെ പോയതും രണ്ട് ലോറികള്‍ ഇടിച്ചതുമാണ് സംശയത്തിന് ഇട നല്‍കിയത്.

കൂടെ ഉണ്ടായിരുന്ന സഹോദരന്‍ മാധവന്‍പിള്ള പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഗോപിനാഥപിള്ളയുടെ ആദ്യഭാര്യയുടെ മകനാണ് പ്രാണേഷ് കുമാര്‍. അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15നു പുലര്‍ച്ചെ നാലിനാണ് പ്രാണേഷ്, ഇസ്രത്, അംജദ് അലി (രാജ്കുമാര്‍ അക്ബര്‍ അലി റാണ), ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ പോലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാംഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. നാലുപേര്‍ക്കും ലഷ്‌കറുമായി ബന്ധമില്ലെന്നും മജിസ്്‌ട്രേറ്റ് വ്യക്തമാക്കിയിരുന്നു.

പ്രാണേഷിന്റെ മരണത്തില്‍ നിയമപോരാട്ടത്തിലായിരുന്നു ഗോപിനാഥപിള്ള. ഇസ്രത് ജഹാന്‍ കേസിലും ഗോപിനാഥപിള്ള വാദിയായിരുന്നു. 2004 ലാണ് പ്രാണേഷ് കുമാര്‍ , ഇസ്രത് ജഹാന്‍ , അംജദ് അലി , ജിഷന്‍ ജോഹര്‍ എന്നിവരെ നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ ത്വൊയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

Read More >>