സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കും: മന്ത്രി

Published On: 2018-07-31T21:00:00+05:30
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കും: മന്ത്രി

കൊച്ചി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹരായ ആര്‍ക്കും നല്‍കില്ലെന്നും അര്‍ഹതപ്പെട്ട ഒരാള്‍ക്കും നിഷേധിക്കില്ലെന്നും തദ്ദേശ വകുപ്പു മന്ത്രി കെ.ടി.ജലീല്‍. അനര്‍ഹരായവര്‍ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്റയും കടമയാണ്. അത്തരത്തിലുള്ളവര്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ ഊമക്കത്ത് കിട്ടിയാല്‍ വരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി പഞ്ചായത്തിന് ഐഎസ് ഒ സര്‍ട്ടിഫിക്കേഷന്‍ പദവി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ആനുകുല്യങ്ങള്‍ പാവപ്പെട്ടവര്‍ക്കാണ്. അത് അവരുടെ കൈകളില്‍ തന്നെ എത്തിച്ചേരണം. കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരെ കള്ളനെന്നു തന്നെ വിളിക്കണം. കള്ളത്തരം പ്രവര്‍ത്തിച്ചു കഴിഞ്ഞ് ഏത് ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും പാപക്കറ തീരില്ല. ഏതു പുണ്യനദിയില്‍ കുളിച്ചാലും ദൈവം പൊറുക്കില്ല.

പട്ടിണി കിടക്കുന്ന ഒരാള്‍ പോലും കേരളത്തില്‍ പാടില്ല എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലണ് സര്‍ക്കാര്‍. ഇത്തരത്തിലുള്ളവരെ പഞ്ചായത്തുകള്‍ കണ്ടെത്തി ഭക്ഷണം നല്‍കണം. ഇതിനു വേണ്ട ഫണ്ടിന്റെ 40 ശതമാനം സര്‍ക്കാര്‍ വഹിക്കും. 60 ശതമാനം ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ എടുക്കണം. മരുന്നു വാങ്ങാന്‍ കഷ്ടപ്പെടുന്ന ഒരു രോഗിയും കേരളത്തിലുണ്ടാകാന്‍ പാടില്ല. പുസ്തകം വാങ്ങാന്‍ പണമില്ലെന്നു പറഞ്ഞ് പഠിക്കാന്‍ പോകാതിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും കേരളത്തിലുണ്ടാകാന്‍ പാടില്ല. അത്തരം നിരാലംബരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായങ്ങള്‍ ഇവരിലേക്കാണ് എത്തുന്നതെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി പഞ്ചായത്തിനുള്ള ഐ എസ് ഒ അംഗീകാരം മന്ത്രി ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ മൊബൈല്‍ ആപിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈ. പ്രസിഡന്റ് പി.സി.സോമശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, സെക്രട്ടറി ടി.കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top