കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കും- കടകംപള്ളി

ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നുമാണ് ശശികല പ്രസംഗിച്ചത്​

കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കും- കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ വര്‍ഗ്ഗീയവിഷ പ്രചരണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമ സഭയിൽ ശബരിമലയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നുമാണ് ശശികല പ്രസംഗിച്ചത്​. വർഗീയത പ്രചരിപ്പി​ക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതാ നേതാവാണ്​ ശശികല. അവർക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.

അതേസമയം ശബരിമല വിഷയത്തിനു പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് പലര്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആര്‍.എസ്.എസിൻെറ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. ഈ സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്‍റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യു.ഡി.എഫ് എങ്കിലും തയ്യാറാവണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

Read More >>