പ്ലൈവുഡ് ഫാക്ടറിയുടെ മറവിൽ 138 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

Published On: 2018-08-06T18:45:00+05:30
പ്ലൈവുഡ് ഫാക്ടറിയുടെ മറവിൽ 138 കോടിയുടെ ജിഎസ്ടി  തട്ടിപ്പ്: പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് 138 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ പെരുമ്പാവൂർ വല്ലം സ്വദേശിയും വുഡ്ട്യൂൺസ് ഇൻഡസ്ട്രീസ് ഉടമയുമായ ബി.നിഷാദിനെ (36) സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ആദ്യത്തെ അറസ്റ്റാണിത്.

കഴിഞ്ഞമാസം 27–നു തട്ടിപ്പു കണ്ടെത്തിയതു മുതൽ ഒളിവിലായിരുന്ന നിഷാദിനെ, ഇന്നലെ വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന്, വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെട്ടിപ്പ് നടത്തിയതായി സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. പേരിനുമാത്രം ജി.എസ്.ടി രജിസ്ട്രേഷനുള്ള ചിലരുടെ ബില്ലുകൾ ഉപയോഗിച്ച് പ്ളൈവുഡ് കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈദരാബാദ്, കോയമ്പത്തൂർ, ബംഗളൂരു, സേലം എന്നിവിടങ്ങളിൽ സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുള്ള ബില്ലുകൾ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകൾ ഉപയോഗിച്ച് ജി.എസ്.ടിയിൽ നിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റെടുത്തെന്നും ബില്ലിൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നല്ല ചരക്കുകൾ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട കമ്പനികൾ നിർമ്മിച്ച പ്ലൈവുഡുകളാണ് വിറ്റത്. പ്ലൈവുഡിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരിൽ തുല്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികൾ എടുത്തതിനാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടമാണുണ്ടായത്.

Top Stories
Share it
Top