ജി എസ് ടിക്ക് ഒന്നാം പിറന്നാള്‍, ഹാപ്പിബര്‍ത്ത്ഡേ പാടാന്‍ ഞങ്ങളില്ല

കോഴിക്കോട്: എല്ലാവരുമുണ്ടായിരുന്നു ജി എസ് ടിക്കു വേണ്ടി വാദിക്കാന്‍. എന്തിന്, കോര്‍പ്പറേറ്റുകളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വളര്‍ച്ചാ...

ജി എസ് ടിക്ക് ഒന്നാം പിറന്നാള്‍, ഹാപ്പിബര്‍ത്ത്ഡേ പാടാന്‍ ഞങ്ങളില്ല

കോഴിക്കോട്: എല്ലാവരുമുണ്ടായിരുന്നു ജി എസ് ടിക്കു വേണ്ടി വാദിക്കാന്‍. എന്തിന്, കോര്‍പ്പറേറ്റുകളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വളര്‍ച്ചാ വായ്ത്താരികള്‍ ഏറ്റുപാടാന്‍ തോമസ് ഐസക് വരെ മുന്നില്‍ നിന്നു. ജി എസ് ടി എന്ന നികുതി പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നിട്ട് ജൂലൈ ഒന്നിന് ഒരു വര്‍ഷം തികയുകയാണ്. രാജ്യത്ത് വ്യാപാരരംഗം മാന്ദ്യം നേരിടുകയാണ് ജി എസ് ടിക്കു ശേഷം. ചെറുകിട-ഇടത്തരം വ്യാപാരികളെയാണ് പരിഷ്‌കാരം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ജി എസ് ടിയുടെ ഒന്നാം പിറന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്ന് ജി എസ് ടി ദിവസമായി ആഘോഷിക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ക്കും പറയാനേറെയുണ്ട്. നഗരവാസികളുടെ പ്രതികരണങ്ങളിലേക്ക്.

സുരേഷ്, തിരുത്തിയാട്, ഓട്ടോ ഡ്രൈവര്‍

''ജി എസ് ടി വന്നതോടെ പകുതി പണി കുറഞ്ഞു. ടൗണിലേക്ക് വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജി എസ് ടി വരുന്നതിന് മുമ്പ് ആറു മണിയാകുമ്പോഴേക്കും ശരാശരി ഒരു ദിവസം 1200-1300 രൂപക്കുള്ള ഓട്ടം ലഭിച്ചിരുന്നു. ഇപ്പോള്‍ ദിവസം മുഴുവന്‍ ഓടിയാലും 600-700 രൂപയാണ് കിട്ടുക.''

മോഹന്‍കുമാര്‍, മാനേജര്‍, കൈരളി-ശ്രീ തിയ്യറ്റര്‍ കോംപ്ലക്സ്

''ജി എസ് ടി വരുന്നതിന് മുമ്പ് കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തരത്തിലായിരുന്നു തിയ്യറ്റുകളില്‍ നികുതി പിരിച്ചിരുന്നത്. ഇവിടെ 25 ശതമാനമായിരുന്നു നികുതി. ഇപ്പോള്‍ 100 രൂപക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമാണ് നികുതി. സിനിമ ആളുകള്‍ക്ക് ഇഷ്ടമാകുന്നതിനനുസരിച്ചാണ് കളക്ഷന്‍. അതിനാല്‍ ജി എസ് ടി പ്രാബല്യത്തില്‍ വന്നതുകാരണം നേട്ടമോ നഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്ന് കണക്കാക്കാന്‍ പ്രയാസമാണ്. സിനിമ ഏതുതരത്തിലുള്ളതാണ് എന്നതാണ് പ്രധാനം. പുലിമുരുകന്‍ പോലുള്ള ജനപ്രിയ സിനിമകള്‍ കാണാന്‍ എപ്പോഴും ആളുകളുണ്ടാകും''.

രഞ്ജിത്, ലൗ നെസ്റ്റ് റിച്ചാര്‍ജ് കട, പുതിയ സ്റ്റാന്റ്

''മൊബൈല്‍ ഫോണ്‍ റിച്ചാര്‍ജ്ജിന് നികുതി കൂടിയിട്ടുണ്ട്. മുന്നെ 100 രൂപക്ക് റിച്ചാര്‍ജ് ചെയ്താല്‍ 83 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 81.75 രൂപയാണ് ലഭിക്കുന്നത്. മൊബൈല്‍ ആക്സസറീസിനൊന്നും വലിയ അളവിലുള്ള വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. പക്ഷെ,കച്ചവടം നന്നായി കുറഞ്ഞിട്ടുണ്ട്''.

നസീര്‍, ക്രൗണ്‍ തിയറ്ററിനു മുന്നില്‍ ചായക്കട

''വഴിയോരക്കച്ചവടം ജി എസ് ടിയുടെ പരിധിയില്‍ വരില്ല. എങ്കിലും അത് ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. കച്ചവടം മൊത്തം മോശമാണ്. നോട്ട് നിരോധനം ഇത്രക്ക് ബാധിച്ചിട്ടില്ല. ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ദോശം മാത്രമേ ഉണ്ടായിട്ടുള്ളൂ. വാടക കൊടുക്കാന്‍ തന്നെ പലപ്പോഴും പണം തികയുന്നില്ല. ഇവിടെ സാധാരണ 4000 രൂപയുടെ കച്ചവടം നടന്നിരുന്നതാണ്. ജി എസ് ടി വന്ന ഉടനെ കച്ചവടം ഇടിഞ്ഞ് ഒരു ദിവസം 1000-1500 എന്ന നിലയില്‍ എത്തിയിരുന്നു. കുറച്ച് നേരെയായി വരുമ്പോഴാണ് നിപ പനി വരുന്നത്. ഇപ്പോള്‍ വലിയ പ്രശ്‌നം ഇല്ല. ഒരു ദിവസം 3000 രൂപയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട്.''

പേരു വെളിപ്പെടുത്താത്ത ഒരു ജ്വല്ലറി വ്യവസായി

''ജി എസ് ടി നല്ല പരിഷ്‌കാരമാണ്. സ്വര്‍ണ്ണത്തിന് അഞ്ച് ശതമാനം ആയിരുന്ന നികുതി മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല ബില്ല് എഴുതാതെയുള്ള കച്ചവടം വലിയൊരളവില്‍ കുറക്കാനും ഇതിന് കഴിയും. പക്ഷെ മൊത്തത്തില്‍ കച്ചവടം കുറവാണ് എന്നതാണ് വസ്തുത. മിക്ക ആളുകളും ബില്ല് എഴുതാന്‍ തുടങ്ങിയതോടെ ഔദ്യോഗിക കണക്കുകളില്‍ കച്ചവടം മുന്നെത്തേക്കാള്‍ കൂടുതലായിരിക്കും. രണ്ട് തരത്തിലാണ് സ്വര്‍ണ്ണം വ്യാപാരികളിലേക്ക് എത്തുന്നത്. ഒന്ന് കണക്കില്‍പെടുന്ന ബില്ലുള്ള സ്വര്‍ണ്ണം. രണ്ടാമത്തേത് രേഖകളില്ലാത്ത കള്ളക്കടത്ത് സ്വര്‍ണ്ണമാണ്. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണ്ണം വില്‍ക്കുന്നതും ബില്ല് നല്‍കാതെയാണ്. നികുതയിനത്തില്‍ വലിയ കുറവ് വരുന്നതിനാല്‍ പല ഉപഭോക്താക്കള്‍ക്കും ഇങ്ങനെ സ്വര്‍ണ്ണം വാങ്ങാനാണ് താല്‍പര്യം''.

പ്രേമന്‍, മിഠായി തെരുവിലെ ന്യൂ കേരള ഹോട്ടല്‍ കാഷ്യര്‍

''ജി എസ് ടി വന്നതോടെ കച്ചവടം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ജി എസ് ടി വന്നതോടെയാണോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ജി എസ് ടിയുടെ വരവും മിഠായി തെരുവിന്റെ സൗന്ദര്യവല്‍കരണവും ഒരേ സമയത്തായിരുന്നു. മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ട്. അത് ചിലപ്പോള്‍ സൗന്ദര്യവല്‍കരണം ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടും ആകാം. ജി എസ് ടി കാരണം പൂട്ടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഹോട്ടലുകളും ടൗണില്‍ തന്നെയുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. സത്യത്തില്‍ ജി എസ് ടി എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒരു പ്ലാനിങും ഇല്ലാത്ത ഒരു തീരുമാനമായിരുന്നു അത്''.

സാധനങ്ങള്‍ വാങ്ങാന്‍ ടൗണിലെത്തിയ ഒരു വീട്ടമ്മ

''താഴെയും മുകളിലുമുള്ള എല്ലാവരും ജി എസ് ടി നല്ലതാണെന്ന് പറയുന്നുണ്ട്. തോമസ് ഐസക്കും പൊക്കിപ്പറഞ്ഞിരുന്നു. പക്ഷെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. ആയിരം രൂപക്ക് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ 200 രൂപയുടെ മേലെ നികുതിയായി കച്ചവടക്കാര്‍ വാങ്ങിക്കുന്നുണ്ട്. എന്താണ് കളികള്‍ എന്നറിയില്ല. എന്തായാലും വലിയ ദ്രോഹമായി മാറിയിട്ടുണ്ട്. ജി എസ് ടി എന്തായാലും ഒരു യാഥാര്‍ത്ഥ്യമായി മാറിയി. എന്നാല്‍ ജി എസ് ടിയുടെ പരിധിയില്‍ പോലും പെടാത്ത സാധാരണക്കാരെയും വലിയ അളവില്‍ അത് ബാധിച്ചിട്ടുണ്ട്. വിപണിയും തൊഴില്‍മേഖലയും തിരിച്ചുകയറിയാലും ചെറുകിട-ഇടത്തരം വ്യാപാരികള്‍ പലരും തിരിച്ചുകയറാനാകാത്ത വിധം തകര്‍ന്നുവെന്നാണ് മനസിലാകുന്നത്.''

Read More >>