ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്...

ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കല്‍ നടപടിക്കെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് വിധി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനപ്രീതിക്ക് നിയമം ലംഘിച്ച് നടപടി പാടില്ല. സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെയാകരുതെന്നും കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റേയും ഹര്‍ജികളും ഹൈക്കോടതി തള്ളി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇവ തിരിച്ചുപിടിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചതടക്കം സംസ്ഥാനത്തെ അഞ്ച് ലക്ഷം ഏക്കറിലധികം സര്‍ക്കാര്‍ ഭൂമിയാണ് വന്‍കിടക്കാരുടെ കൈയ്യിലുള്ളത്. സ്വാതന്ത്യാനന്തരം ഭൂപരിഷ്‌കരണ നിയമം നടപ്പിലായതോടെ ഈ ഭൂമിയെല്ലാം പൊതുസ്വത്തായെന്നാണ് സര്‍ക്കാര്‍ പക്ഷം.