ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞു; വാഹനങ്ങള്‍ തടഞ്ഞു

Published On: 2018-04-16T09:00:00+05:30
ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞു; വാഹനങ്ങള്‍ തടഞ്ഞു

കോഴിക്കോട്: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്കുനേരെ ലാത്തിവീശി.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് ബാലുശ്ശേരിയിലും മലപ്പുറത്ത് വേങ്ങര, വെട്ടിച്ചിറ, വള്ളുവമ്പുറം, കൊണ്ടോട്ടി കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലും സമരക്കാര്‍ വാഹനം തടഞ്ഞു.
കോട്ടയ്ക്കലില്‍ പോലീസെത്തി സമരക്കാരെ നീക്കി. കൊളപ്പുറത്ത് സംഘര്‍ഷാവസ്ഥ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തലപ്പാറ ദേശീയ പാതയില്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. മലപ്പുറത്താണ് ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

കോഴിക്കോട് നഗരപരിധിയിലെ നിരവധി കടകള്‍ അടഞ്ഞുകിടക്കുകയാണ്. താമരശ്ശേരി, കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. റോഡിനു കുറുകെ കയര്‍ കെട്ടിയും ടയറുകള്‍ എടുത്തു വച്ചുമാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പോലീസെത്തി വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു.

ഒരു സംഘടനയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും സംഘടനയുടെ പിന്തുണയില്ലാതെ ജനങ്ങള്‍ ഹര്‍ത്താല്‍ ഏറ്റെടുക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച സന്ദേശങ്ങള്‍. നിരവധി പേര്‍ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.

Top Stories
Share it
Top