മഴയില്‍ മുങ്ങി കൊച്ചി; ജനജീവിതം ദുരിതത്തില്‍

കൊച്ചി: നാലു ദിവസം തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കൊച്ചിയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ...

മഴയില്‍ മുങ്ങി കൊച്ചി; ജനജീവിതം ദുരിതത്തില്‍

കൊച്ചി: നാലു ദിവസം തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കൊച്ചിയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി. സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇത് നിത്യ യാത്രക്കാരെയും ദീര്‍ഘദൂര യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. സ്റ്റാന്‍ഡിലും ഓഫീസ് മുറികളിലും വെള്ളം കയറിയ നിലയിലാണ്. യാത്രക്കാര്‍ക്ക് ബസുകളില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. ബസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വൈറ്റില ഫ്‌ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയതോടെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട നഗരം വെള്ളക്കെട്ട് കൂടിയായതോടെ കടുത്ത ദുരിതത്തിലായി.

എറണാകുളം നഗരത്തിന്റെ സമീപത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആലുവ മേഖലയില്‍ പലയിടത്തു വീടുകളില്‍ വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. ആലുവ പാതാളത്ത് അലിയുടെ 20 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു.തീരദേശ മേഖലകളില്‍ പലയിടത്തും കടല്‍ക്ഷോഭമുണ്ടായതോടെ വീടുകളിലേക്ക് വെള്ളം അടിച്ചു കയറി. ചെല്ലാനത്തും മുനമ്പത്തുമാണ് കടല്‍ ക്ഷോഭം രൂക്ഷമായത്.

ചെല്ലാനത്ത് 50 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പലരും വീടുകളില്‍ നിന്ന് മാറിത്താമസിച്ചു തുടങ്ങി. ഓഖി ദുരന്തം നാശം വിതച്ച പ്രദേശമാണ് ചെല്ലാനം. മഴക്കാലത്ത് കടലാക്രമണം ഉണ്ടാകുന്നത് തടയാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരങ്ങള്‍ നടത്തിയിരുന്നു. ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യപിച്ചെങ്കിലും ഒന്നും നടപ്പായില്ല. പുലിമുട്ട് നിര്‍മിച്ച് കടല്‍ക്ഷോഭം നിയന്ത്രിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

'ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാതിരുന്നതാണ് ദുരിതം വര്‍ദ്ധിപ്പിക്കുന്നത്, ' സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി വി ഡി മജീന്ദ്രന്‍ പറഞ്ഞു. പശ്ചിമ കൊച്ചിയില്‍ മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.മുനമ്പത്ത് നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. വൈപ്പിന്‍ പ്രദേശത്ത് ശക്തമായ തിരകള്‍ അടിച്ചു കയറി പലയിടത്തും കടല്‍ഭിത്തികള്‍ തകര്‍ന്നു. ചെറായിയില്‍ തീരദേശം ഇടിഞ്ഞു. നായരമ്പലം, കുഴുപ്പിളളി, ചെറായി, മുനമ്പം, വെളിയത്താംപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ തീരദേശ റോഡ് തകര്‍ന്ന് യാത്ര തടസപ്പെട്ടു.

എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും കനത്ത മഴ ദുരിതം വിതക്കുകയാണ്. മലയോര മേഖലയിലും പൂയംകുട്ടിയിലെ ആദിവാസി മേഖലയിലുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ബ്ലാവന പാലവും മണികണ്ഠന്‍ ചാപ്പാത്തും മുങ്ങിയതോടെ പൂയംകുട്ടി വനമേഖലയിലെ ആദിവാസി ഊരുകളും കുടിയേറ്റ പ്രദേശങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
മൂവാറ്റുപുഴയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇരുകരകളിലും താമസിക്കുന്നവര്‍ വീടുകളില്‍ വെള്ളം കയറുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.
കനത്ത മഴ മൂലം എറണാകുളം ജില്ലയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.


Read More >>