കാലവർഷക്കെടുതിയിൽ ഒമ്പത് മരണം; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. താഴ്‌ന്ന പ്രദേശങ്ങൾ പലതും...

കാലവർഷക്കെടുതിയിൽ ഒമ്പത് മരണം; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. താഴ്‌ന്ന പ്രദേശങ്ങൾ പലതും വെളളത്തിനടിയിലാണ്. റെയിൽ-റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. പലയിടത്തും റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം സ്‌തംഭിച്ചു. മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഓട്ടോമറ്റിക് സിഗ്നൽ സംവിധാനം താറുമാറായെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിൽ വെളളം കയറിയതോടെയാണ് സിഗ്നൽ സംവിധാനം തകരാറിലായത്. ട്രെയിനുകൾ പലതും വൈകിയോടുകയാണ്. കുട്ടനാട്ടിൽ മട വീഴ്‌ചയെത്തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കൊല്ലത്ത് കടലാക്രമണം രൂക്ഷമായി.

കോട്ടയം കാഞ്ഞിരപ്പളളി മണിമലയാറിൽ വീണ് മധ്യവയസ്കൻ മരിച്ചു. ചെറുവളളി സ്വദേശി ശിവൻകുട്ടിയാണ് മരിച്ചത്. കണ്ണൂർ കരിയാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് വൃദ്ധ മരിച്ചു. പാർത്തുംവലിയത്ത് നാണിയാണ് മരിച്ചത്. മലപ്പുറം ചങ്ങരംകുളം കാഞിയൂരിൽ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. കിഴിഞ്ഞാലിൽ അബ്ദുൽ റഹീമിന്റെ മകൻ അദ്‌നാൻ ആണ് മരിച്ചത്. വയനാട് മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. കോതമംഗലം മണികണ്ഠൻ ചാലിൽ ചികിൽസ വൈകി ഒരാൾ മരിച്ചു. കൊല്ലത്തും കോട്ടയത്തുമായി നാലുപേർ മരിച്ചു.

കോട്ടയത്ത് പൂഞ്ഞാറിലും കൂട്ടിക്കലിലും ഉരുൾ പൊട്ടലുണ്ടായി. ആളപായമില്ല. മീനച്ചിലാർ കരകവിഞ്ഞു ഒഴുകയാണ്. മലയോര മേഖലകളും താഴ്‌ന്ന പ്രദേശങ്ങളും വെളളത്തിനടിയിലാണ്. പാല, ഈരാറ്റുപേട്ട പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. പാലായിൽനിന്നും കെഎസ്ആർടി ബസ് സർവ്വീസുകൾ നിർത്തിവച്ചു. ജില്ലയിൽ പലയിടത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.

ആലപ്പുഴയിൽ പലയിടത്തും വെളളം കയറി. കുട്ടനാട്ടിൽ മടവീഴ്‌ചയെത്തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. ആലപ്പുഴ വഴിയുളള പല തീവണ്ടികളും വൈകുന്നുണ്ട്. എറണാകുളത്ത് എംജി റോഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെളളം കയറി.