ജൂണ്‍ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത, ജാ​ഗ്രത നിർദ്ദശേം ; കോഴിക്കോട് നാളെ സ്കൂളുകള്‍ തുറക്കും 

Published On: 2018-06-11T20:15:00+05:30
ജൂണ്‍ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത, ജാ​ഗ്രത നിർദ്ദശേം ; കോഴിക്കോട് നാളെ സ്കൂളുകള്‍ തുറക്കും 

തിരുവനന്തപുരം: കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലാ കളക്ടർമാർ ജാ​ഗ്രത പാലിക്കണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടർന്നു കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. പകരം 23നു സ്കൂളുകൾ പ്രവർത്തിക്കും. അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ.വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കി. മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തു മത്സ്യബന്ധത്തിന് പോകരുതെന്നും കര്‍ണ്ണാടക, ലക്ഷദീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മുന്‍കരുതലായി ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്

1. മലയോര മേഘലയിലെ താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും 15-6-2018വരെ പ്രവര്‍ത്തിപ്പിക്കുക.
2. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക. അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.
3. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോര മേഘലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
4. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ DTPCമുഘാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.
5. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
6. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
7.കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
8. മഴക്കാല തയ്യാറെടുപ്പ് പരിപത്രം പ്രകാരം ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.
9. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ന്‍റെ നമ്പര്‍ (1077) പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.

അതേ സമയം നിപാ ഭീഷണിയെ തുടര്‍ന്ന് , ജൂണ്‍ ആദ്യം തുറക്കാതിരുന്ന കോഴിക്കോട് മേഖലയിലെ സ്കൂളുകള്‍ നാളെ തുറക്കും.

Top Stories
Share it
Top