ഇരുപത്തിനാല് ഡാമുകള്‍ തുറന്നു; മഴക്കെടുതിയിൽ മരണം 22

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നാല് മണിക്കൂർ...

ഇരുപത്തിനാല് ഡാമുകള്‍ തുറന്നു; മഴക്കെടുതിയിൽ മരണം 22

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നാല് മണിക്കൂർ നേരത്തെ ട്രയൽ റണ്ണിനായാണ് അണക്കെട്ട് തുറക്കുന്നത്.

ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് ട്രയൽ റണ്ണിനായി തുറന്നത്. അതിനിടെ കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേർ ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ 24 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയണ് ഇപ്പോഴത്തേത്. ഇടമലയാർ അണക്കെട്ട് ഇന്ന് രാവിലെ അഞ്ച് മണിക്കാണ് തുറന്നത്. അണക്കെട്ടിലെ മൂന്ന് ഷട്ടറുകളാണ് രാവിലെ തുറന്നത്.

ഇടുക്കി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 പേരും മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്.

അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്ക് പുലര്‍ച്ചെ രണ്ട് മണിയോടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

നിലമ്പൂരിൽ ആഢ്യൻപാറക്ക് മുകളിൽ ചെട്ടിയാൻ പാറയിൽ ഉരുൾപൊട്ടി, ആറു പേർ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പറമ്പാടൻ കുഞ്ഞി (56), മരുമക്കൾ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല.

നാട്ടുകാരും പോത്തുകൽ പൊലിസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്പൂർ ടൗൺ വെള്ളം മൂടിയതിനാൽ ഫയർഫോഴ്സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല. കോളനിയിലെ അഞ്ചു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുൾപ്പൊട്ടിയത്. മഴ ശക്തമായതിനാൽ മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്പൂർ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അതേസമയം താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാല്‍ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുൾപൊട്ടി. താമരശേരിയിൽ ഒരാളെ കാണാതായി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടേക്കു തിരിച്ചു. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Story by
Read More >>