കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍: തലശേരി - കുടക് അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ കുടുങ്ങി

Published On: 13 Jun 2018 8:30 AM GMT
കണ്ണൂരില്‍  ഉരുള്‍പൊട്ടല്‍: തലശേരി - കുടക് അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ കുടുങ്ങി

കണ്ണൂര്‍: കണ്ണൂരിന്റെ കിഴക്കന്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെരുമ്പാടിയില്‍ വെള്ളം കയറി.ഇതോടെ തലശേരി - കുടക് അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു. നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരം ഭാഗത്ത് മരം കടപുഴകി വിണതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഇന്നലെ അയ്യന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് റോഡുകള്‍ ഒലിച്ചുപോയിരുന്നു.

ചെറുപുഴയില്‍ കൃഷി നാശം

ചെറുപുഴയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് നേന്ത്രവാഴകള്‍ നശിച്ചു. മീന്‍തുള്ളി ചാത്തന്‍കുന്നിലെ വെട്ടുകാട്ടില്‍ സെബാസ്റ്റിയന്‍ ജോസഫിന്റെ കുലച്ച 600 വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. മീന്തുള്ളിയിലെ ഇളംപ്രകോടത്ത് ശശികുമാറിന്റെ നാലായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. നശിച്ച വാഴത്തോട്ടങ്ങള്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, പഞ്ചായത്തംഗങ്ങള്‍, ചെറുപുഴ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

താബോര്‍ മുണ്ടേരിത്തട്ടിലും വ്യാപക കൃഷിനാശമുണ്ടായി. പരവന്‍പറമ്പില്‍ ബിജുവിന്റെ 300 വാഴ, ജാതി, കശുമാവ്, റബര്‍ എന്നിവ നശിച്ചു. ചെങ്ങഴശേരില്‍ ജോസുകുട്ടിയുടെ 15 ജാതി, കമുക്, റബര്‍, കശുമാവ് എന്നിവയും നശിച്ചു. മൊട്ടക്കുളത്ത് തോമസിന്റെ വീടിന്റെ പിന്‍വശത്തേയ്ക്ക് മണ്ണിടിഞ്ഞ് വീണു.


Top Stories
Share it
Top